'ഏതോ ഒരു കുട്ടിയെ  പാമ്പ് കടിച്ചതിന് എല്ലാ സ്‌കൂളുകളിലും മാളം തപ്പുന്നു'; കെപിഎ മജീദിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടല്‍ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്
'ഏതോ ഒരു കുട്ടിയെ  പാമ്പ് കടിച്ചതിന് എല്ലാ സ്‌കൂളുകളിലും മാളം തപ്പുന്നു'; കെപിഎ മജീദിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

മലപ്പുറം: വയനാട്ടില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസം. 'ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു' എന്നാണ് മജീദിന്റെ പരിഹാസ പരാമര്‍ശം.  സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ  പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,' കെ പി എ മജീദ് പറഞ്ഞു. വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ചാണ് മജീദിന്റെ പരാമര്‍ശം. 

മാനേജ്‌മെന്റുകളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടല്‍ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com