കൃതിയില്‍ നിരോധിക്കപ്പെട്ട കൃതികള്‍

കൃതിയില്‍ നിരോധിക്കപ്പെട്ട കൃതികള്‍

'ഇദ്ദേഹം രാജകുമാരന്മാര്‍ക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പണ്ഡിതര്‍ക്കിടയിലെ രാജാവാണ് എന്ന് ഇപ്പോള്‍ മനസ്സിലായി' 

കൊച്ചി: പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കുമപ്പുറത്തെ കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകള്‍ സമാഹരിച്ച പുസ്തകങ്ങളുമായി സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. മലയാളം ലിപിയുടെ വികാസം സൂചിപ്പിക്കുന്ന പ്രാചീന ലിപി മാതൃകകള്‍ മുതല്‍ മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളുള്‍പ്പെടുന്ന പുസ്തകങ്ങള്‍ വരെ ആര്‍ക്കൈവ്‌സ് വകുപ്പിന്റെ സ്റ്റാളിലുണ്ട്. തെരഞ്ഞെടുത്ത സര്‍ക്കാര്‍ തിട്ടൂരങ്ങള്‍, തെരഞ്ഞെടുത്ത രാജകീയ വിളംബരങ്ങള്‍ എന്നിവയാണ് മറ്റു രണ്ട് പ്രധാന പുസ്തകങ്ങള്‍.

രാജര്‍ഷി, ഒഴിഞ്ഞ വല്യമ്പ്രാന്‍ എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന 1895 മുതല്‍ 1914 വരെ കൊച്ചി ഭരിച്ച രാമവര്‍മ പതിനഞ്ചാമന്റെ ഇംഗ്ലീഷിലുള്ള ആത്മകഥയാണ് ആര്‍ക്കൈവസ് സ്റ്റാളിലെ മറ്റൊരു വിസ്മയം. 1917ല്‍ പുനെയില്‍ വെച്ചാണ് സ്വാതന്ത്ര്യസമരനായകന്‍ ബാല ഗംഗാധര തിലകന്‍ അദ്ദേഹത്തെ കൊച്ചിയിലെ രാജര്‍ഷി എന്ന് സംബോധന ചെയ്തത്. 'ഇദ്ദേഹം രാജകുമാരന്മാര്‍ക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പണ്ഡിതര്‍ക്കിടയിലെ രാജാവാണ് എന്ന് ഇപ്പോള്‍ മനസ്സിലായി,' എന്നാണ് തിലകന്‍ പറഞ്ഞത്. കൃതിയില്‍ വെച്ച് ഈ പുസ്തകത്തിന്റെ ഒരു കോപ്പി കയ്യിലെടുത്ത് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞത് കൊച്ചിയെ കൊച്ചിയാക്കിയ ആളുടെ ആത്മകഥയാണിതെന്നാണ്.

വണ്ടിയോടിക്കാനാവാത്ത പാലാരിവട്ടം പാലമുള്ള ഇന്നത്തെ കൊച്ചിയിലിരുന്ന് കൊച്ചിഷൊര്‍ണൂര്‍ റെയില്‍പ്പാളം പണിയാന്‍ പൂര്‍ണത്രയീശന്റെ 15 സ്വര്‍ണനെറ്റിപ്പട്ടങ്ങളില്‍ 14ഉം സംഭാവന ചെയ്ത രാജര്‍ഷിയുടെ ആത്മകഥ വായിക്കാനുള്ള അവസരമാണ് അങ്ങനെ ആര്‍ക്കൈവ്‌സ് സ്റ്റാളിലൂടെ കൃതി ഒരുക്കുന്നത്.

തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ക്ക് അയച്ച താളിയോല രൂപത്തിലുള്ള നീട്ടുകളുടെ വിവരങ്ങളാണ് തിരുവതാംകൂര്‍ നീട്ടുസൂചികയെന്ന ഗ്രന്ഥത്തില്‍. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്റെ ഭരണകാലത്തെ ഔദ്യോഗിക പ്രഖ്യാപനങ്ങളടക്കമുള്ള വിവരങ്ങളടങ്ങിയ ശക്തന്‍ തമ്പുരാന്‍, തിരഞ്ഞെടുത്ത രേഖകള്‍, സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചരിത്രമടങ്ങിയ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്‌മെന്റ്, കേരളചരിത്രത്തിലെ സുപ്രധാന രേഖകളുള്‍പ്പെട്ട ചരിത്ര രശ്മികള്‍ എന്നിവയും കൗതുകകരമായ അറിവുകളിലേക്ക് വെളിച്ചം വീശുന്നു. തിരുവന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്, കൊച്ചി, കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സുകള്‍ എന്നിവിടങ്ങളിലെ രേഖകളുടെ സൂചികകള്‍, ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ജേണലായ താളിയോല, ആര്‍ക്കൈവ്‌സ് ബുള്ളറ്റിന്‍ എന്നിവയ്‌ക്കൊപ്പം ലക്ഷദ്വീപിന്റെ ചരിത്രവും ബ്രിട്ടിഷ് മലബാറുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകളുമടക്കം രേഖകള്‍ അടിസ്ഥാനമാക്കിയുള്ള വിശദവും സൂക്ഷ്മവുമായ ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത നിധിയാണ് കൃതിയുടെ ആര്‍ക്കൈവ്‌സ് സ്റ്റാളില്‍ തുറന്നു വെച്ചിരിക്കുന്നത്.

വട്ടെഴുത്തും കോലെഴുത്തുമെന്ന നിലയില്‍ വികസിച്ച മലയാളം ലിപിയുടെ മാറ്റവും വിവിധ ചരിത്രരേഖകളില്‍ മലയാളം എഴുതുന്നതിനായുപയോഗിച്ച ലിപികളും അവയെക്കുറിച്ചുള്ള വിവരങ്ങളുമാണ് കേരളത്തിന്റെ പ്രാചീന ലിപികള്‍ എന്ന പുസ്തകത്തിലുള്ളത്. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിക്കുന്ന പുസ്തകങ്ങളും പുരാരേഖാ വകുപ്പ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യ സമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികള്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ എന്നിവയുടെ വിവിധ പതിപ്പുകളും സ്റ്റാളിലുണ്ട്. ഒപ്പം വൈക്കം സത്യാഗ്രഹം കടയ്ക്കല്‍ പോരാട്ടം എന്നിവ സംബന്ധിച്ച രേഖകളുള്‍പ്പെട്ട പുസ്തകങ്ങളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com