അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; പി പരമേശ്വരന്റെ സംസ്‌കാരം ഇന്ന് ആലപ്പുഴയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2020 10:02 AM  |  

Last Updated: 10th February 2020 10:02 AM  |   A+A-   |  


 

ആലപ്പുഴ : അന്തരിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും താത്വിക ആചാര്യനുമായ പി പരമേശ്വരന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കുക. രാവിലെ 10 മണി വരെ തിരുവനന്തപുരത്ത് പരമേശ്വരന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് അന്ത്യകര്‍മ്മങ്ങള്‍ക്കായി ആലപ്പുഴയിലേക്ക് കൊണ്ടുവരിക. ആര്‍എസ്എസിന്റെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും താത്വികാചാര്യനായ പരമേശ്വരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഒറ്റപ്പാലത്ത് ചികില്‍സയിലിരിക്കെ, ഞായറാഴ്ച പുലര്‍ച്ചെ 12.10 നായിരുന്നു പി പരമേശ്വരന്റെ അന്ത്യം. തുടര്‍ന്ന് രാവിലെ എട്ടുമണിക്ക് കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനമായ എളമക്കരയിലെ മാധവനിവാസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചു. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. രാവിലെ ആറുമണി വരെ സംസ്‌കൃതി ഭവനിലായിരുന്നു പൊതുദര്‍ശനം.

മിസോറാം മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ പ്രണാമം അര്‍പ്പിച്ചു. രാവിലെ എട്ടിന് അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശന ചടങ്ങില്‍ ആര്‍എസ്എസ് സര്‍കാര്യവാഹക് ഭയ്യാജി ജോഷി ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു പരമേശ്വരന്റേതെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. രാവിലെ 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പി പരമേശ്വരന്റെ മൃതദേഹം ആലപ്പുഴ മുഹമ്മയിലേക്ക് കൊണ്ടുപോകും.

2018 ല്‍ പത്മവിഭൂഷണും 2004 ല്‍ പദ്മശ്രീയും നല്‍കി പരമേശ്വരനെ രാജ്യം ആദരിച്ചിട്ടുണ്ട്. പരമേശ്വരന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചിരുന്നു. സാംസ്‌കാരിക അവബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പി പരമേശ്വരനെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സമുന്നതനായ സൈദ്ധാന്തികനാണ് പരമേശ്വരന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതിയായ വേദനയുണ്ടെന്നും മോദി പറഞ്ഞു.താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്ധാന്തികനായിരുന്നു പി പരമേശ്വരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.