മരിച്ചുപോയവര്‍ ഇപ്പോഴും 'അരിയും ഗോതമ്പും' വാങ്ങുന്നു ; രണ്ട് റേഷന്‍ കാര്‍ഡില്‍ വാങ്ങിയത് 2000 കിലോ അരി ; തട്ടിപ്പ് ,  കടകള്‍ക്കെതിരെ നടപടി

ഓരോ ജില്ലയിലും ആയിരത്തോളം പേര്‍ മരിച്ചവരുടെ  പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍ : മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. വെട്ടിപ്പ് നടത്തിയതിന് ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്‍കി. നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നു. മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച് കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം പ്രഖ്യാപിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആലോചന.

ഒരാള്‍ മാത്രം താമസിക്കുന്ന വീടുകളിലെ കാര്‍ഡുടമ മരിക്കുമ്പോഴാണ് ഇ-പോസ് മെഷീനെ പറ്റിച്ച് 'മാന്വല്‍ ട്രാന്‍സാക്ഷന്‍' രീതിയില്‍ ചില റേഷന്‍ കടയുടമകള്‍ വെട്ടിപ്പ് നടത്തുന്നത്. ഓരോ ജില്ലയിലും ആയിരത്തോളം പേര്‍ മരിച്ചവരുടെ  പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാര്‍ഡുകള്‍ കടയുടമകള്‍ കൈവശപ്പെടുത്തിയ അവസ്ഥയാണ്.

ഇതില്‍ എവൈ, ബിപിഎല്‍ വിഭാഗം കാര്‍ഡുടമകളുടെ പേരിലാണ് വെട്ടിപ്പ് കൂടുതല്‍ നടക്കുന്നത്. എവൈ കാര്‍ഡുടമയ്ക്ക് ഓരോ മാസവും 35 കിലോ അരിയും 5 കിലോ ഗോതമ്പും അര ലീറ്റര്‍ മണ്ണെണ്ണയും ഒരു കിലോ പഞ്ചസാരയും സൗജന്യമായി ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നിസ്സാര വിലയ്ക്കും റേഷന്‍ ലഭിക്കും.  കാര്‍ഡുടമ മരിച്ചാല്‍ ഇവരുടെ കാര്‍ഡുപയോഗിച്ചു റേഷന്‍ വിഹിതം മാന്വല്‍ രീതിയില്‍ കടയുടമകള്‍ തന്നെ തട്ടിയെടുക്കുകയാണെന്നാണ് കണ്ടെത്തിയത്.

ഒരാള്‍ മാത്രമുള്ള വീടുകളില്‍ കാര്‍ഡുടമ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സിവില്‍ സപ്ലൈസ് വകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല.മരിച്ചവരുടെ പേരില്‍ റേഷന്‍ തട്ടിയതിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പിറവത്തെ റേഷന്‍ കടയുടമ രണ്ടു രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരിയാണ്. കടയുടെ മേശവലിപ്പില്‍ നിന്നും രണ്ട് എവൈ കാര്‍ഡുകള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com