മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിടിച്ചെടുത്ത് ഇടതുമുന്നണി ; സിപിഎമ്മിലെ കെ എസ് മണി ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2020 11:39 AM  |  

Last Updated: 10th February 2020 11:39 AM  |   A+A-   |  

 

കോഴിക്കോട് : മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഇടതുമുന്നണിക്ക് ലഭിച്ചു. മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാനായി സിപിഎമ്മിലെ കെ എസ് മണിയെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് മില്‍മ  മലബാര്‍ മേഖല ഇടതുമുന്നണിക്ക് ലഭിക്കുന്നത്.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ നേടിയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ക്ഷീരസഹകരണ മുന്നണി ഭരണം പിടിച്ചെടുത്തത്. യൂണിയന്‍ രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ്സ് ഭരണസമിതിയാണ് മലബാര്‍ മേഖലയിലുണ്ടായിരുന്നത്. ഭരണസമിതി തെരഞ്ഞെടുപ്പിന്റെ നിയമാവലി മാറ്റിയതിലൂടെയാണ് മേഖലാ യൂണിയന്റെ ഭരണം സിപിഎം പിടിച്ചെടുത്തത്.

മില്‍മ ചെയര്‍മാനായിരുന്ന പി ടി ഗോപാലകുറുപ്പ് പ്രതിനിധാനം ചെയ്യുന്ന വയനാട് ജില്ലയില്‍ പട്ടികജാതി സംവരണമായതോടെ അദ്ദേഹത്തിന് മത്സരിക്കാനായില്ല. മേഖലാ യൂണിയന്‍ ചെയര്‍മാനായിരുന്ന കെ എന്‍ സുരേന്ദ്രന്‍ നായര്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍: പാലക്കാട് ജില്ല: കെ.എസ്.മണി(സി.പി.എം), എസ്.സനോജ്(സി.പി.ഐ.), വി.വി. ബാലചന്ദ്രന്‍(സി.പി.എം), കെ.ചെന്താമര (ജനതാദള്‍). മലപ്പുറം ജില്ല: ടി.പി. ഉസ്മാന്‍(കോണ്‍ഗ്രസ്സ്), സുധാമണി (കോണ്‍ഗ്രസ്സ്). കോഴിക്കോട് ജില്ല: പി.ടി.ഗിരീഷ് കുമാര്‍, പി.ശ്രീനിവാസന്‍, കെ.കെ.അനിത(മൂവരും സി.പി.എം). വയനാട് ജില്ല: ടി.കെ.ഗോപി(കോണ്‍ഗ്രസ്സ്). കണ്ണൂര്‍ ജില്ല: ടി. ജനാര്‍ദ്ദനന്‍(കോണ്‍ഗ്രസ്സ്), ലൈസമമ ആന്റണി(കോണ്‍ഗ്രസ്സ്), കാര്‍സകോഡ് ജില്ല: പി.പി. നാരായണന്‍, കെ.സുധാകരന്‍ (ഇരുവരും സി.പി.എം).