'ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്!, ഡല്‍ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!'; മോദിയെ ട്രോളി ദീപാ നിശാന്ത്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 11th February 2020 05:49 PM  |  

Last Updated: 11th February 2020 05:49 PM  |   A+A-   |  

 


കൊച്ചി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയെയും ബിജെപിയെയും വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്‍ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു! എന്നാണ് ദീപയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൂലുമായി നില്‍ക്കുന്ന ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

70 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48 സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി ഏഴുസീറ്റുകളിലേക്ക് ചുരുങ്ങി.

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികളായ മനീഷ് സിസോദിയ പട്പപര്‍ഗഞ്ചില്‍ നിന്നും അതിഷി മര്‍ലേന കല്‍കാജി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2015നെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തി. 2015ല്‍ ആം ആദ്മി പാര്‍ട്ടി 67ഉം ബിജെപി മൂന്നും സീറ്റാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് ഇത്തവണയും സാന്നിധ്യം പോലും അറിയിക്കാതെ പരാജയം നുണഞ്ഞു.