12 കോടി അടിച്ചതറിഞ്ഞ് ചായക്കടയില്‍ തളര്‍ന്നിരുന്നു; ഇനി ആ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കണം; രാജന്‍ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 11th February 2020 10:38 PM  |  

Last Updated: 11th February 2020 10:58 PM  |   A+A-   |  

 

കണ്ണൂര്‍; സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനം സ്വന്തമാക്കിയ ആ ഭാഗ്യവാന് നിസാര സ്വപ്‌നങ്ങള്‍ മാത്രം. അടച്ചുറപ്പുള്ള ഒരു വീട്ടില്‍ അന്തിയുറങ്ങുക, ഒപ്പം മകളുടെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്ത ഏഴ് ലക്ഷം രൂപ അടച്ചുതീര്‍ക്കുക. ലഭിക്കുന്ന പണത്തില്‍ ഒരു വിഹിതം പാവങ്ങളെ സഹായിക്കാനായി മാറ്റി വെക്കണമെന്നും രാജന്‍ പറയുന്നു

മാലൂര്‍, പുരളിമല കുറിച്യ കോളനിയിലെ താമസക്കാരനായ പെരുന്നോന്‍ രാജനാണ് ഇത്തവണത്തെ ക്രിസ്മസ്. പുതുവത്സര ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. 

കൂലിപ്പണിക്കാരനായ രാജന്‍ ഇടയ്ക്കിടെ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. പക്ഷേ ഭാഗ്യദേവത ഇതുവരെ കനിഞ്ഞിരുന്നില്ല. പ്രതിക്ഷയില്ലാതെയാണ് ക്രിസ്മസ്- പുതുവത്സര ബംപറും എടുത്തത്.കണ്ണൂര്‍, കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി. കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഇന്നലെ വൈകീട്ടോടെ അറിഞ്ഞിരുന്നെങ്കിലും രാജന്‍ ഫലം നോക്കിയില്ല. 

രാവിലെ സമീപത്തെ ചായക്കടയിലെത്തി പത്രത്തില്‍ ഫലം നോക്കി, ഒന്നാം സമ്മാനം ഉറപ്പിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്ന രാജനെ നാട്ടുകാരിടപെട്ട് ബാങ്കില്‍ എത്തിക്കുകയായിരുന്നു.