‘‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ...‌' പാടി ഋഷിരാജ് സിങ്; മേധാവിയുടെ പാട്ടിന്‌ കയ്യടിച്ച് തടവുകാർ

ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണൽ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാൻ കൂടിയാണ് ഋഷിരാജ് സിങ്ങ് എത്തിയത്
ചിത്രം: എ സനേഷ്‌
ചിത്രം: എ സനേഷ്‌

കൊച്ചി; തടവുകാർക്കു മുന്നിൽ പാട്ടുപാടി ജയിൽ മേധാവി ​ഋഷിരാജ് സിങ്. എറണാകുളം ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ​ഗായകനായത്. ‘‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ....’’ എന്ന ഋഷിരാജ് സിങ്ങിന്റെ പാട്ടിനെ കയ്യടികളോടെയാണ് തടവുകാർ സ്വീകരിച്ചത്.

ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണൽ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാൻ കൂടിയാണ് ഋഷിരാജ് സിങ്ങ് എത്തിയത്. തുടർന്ന് തൃക്കാക്കര നഗരസഭ കൗൺസിലർ ലിജി സുരേഷാണ് ജയിൽ ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്.

കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. പാട്ടിന്റെ വരികള്‍ ഫോണില്‍ എടുത്ത് അതു നോക്കിയാണ് അദ്ദേഹം പാട്ടുപാടിയത്. ഈണം തെറ്റാതെ നല്ല മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ​ഗാനം. ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് ‘ഒരു വടക്കൻ വീരഗാഥ’യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായല്ല അദ്ദേഹം പൊതുപരിപാടിയിൽ പാട്ടുപാടുന്നത്.

ജയിലിലെ നിരവധി ക്ഷേമ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിട്ടത്. തടവുകാർ തുന്നുന്ന കുട്ടിയുടുപ്പുകളുടെ വിതരണം, ജയിൽ വളപ്പിലെ തേനീച്ച, കറ്റാർവാഴ കൃഷി, മത്സ്യക്കൃഷി രണ്ടാം ഘട്ടം, ജയിൽ കൗണ്ടറിലെ മിൽമ, സ്റ്റേഷനറി കൗണ്ടർ എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് നിർവഹിച്ചു. ജയിലിലേക്കു സംഭാവനയായി ലഭിച്ച തയ്യൽ മെഷിനുകൾ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫെയർ, കസേരകൾ, ബനിയനുകൾ, ഗാനമേള ട്രൂപ്പിനുള്ള ടാബ് തുടങ്ങിയവ ഏറ്റുവാങ്ങികയും രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ജയിൽ സൂപ്രണ്ട് കെ.വി.ജഗദീശനു ഡിജിപി ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ജയിലുകൾ ഏഷ്യയിൽ ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കു തുറന്ന ജയിൽ ലോകത്ത് വേറൊരിടത്തുമില്ല. ജയിലിലേക്ക് ആവശ്യമായ പച്ചക്കറിയുടെ പകുതിയെങ്കിലും സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com