മഞ്ജു 'കൂറുമാറു'മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ; വിസ്താരം ഈയാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2020 11:41 AM  |  

Last Updated: 12th February 2020 05:09 PM  |   A+A-   |  

MANJU

 

കൊച്ചി : നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ആക്രമണത്തിന് ഇരയായ നടി, സുഹൃത്തായ നടി രമ്യ നമ്പീശന്‍, നടന്‍ ലാല്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കോടതി കഴിഞ്ഞദിവസം വിസ്തരിച്ചിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയ സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വിസ്താരമാണ് ഇനി നടക്കാനുള്ളതില്‍ പ്രധാനപ്പെട്ടത്. കേസിലെ നിര്‍ണ്ണായക സാക്ഷിയായ മഞ്ജുവിന്റെ വിസ്താരത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈയാഴ്ച തന്നെ വിസ്താരം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസിലെ പ്രതിയായ ദിലീപിനെതിരെ മഞ്ജു കോടതിയില്‍ മൊഴി നല്‍കില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. അങ്ങനെ നിലപാടെടുത്താല്‍ വാദിഭാഗം മഞ്ജു കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. എന്നാല്‍ കേസില്‍ ആദ്യം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്ന മഞ്ജു, വിസ്താരത്തിലും യുവനടിക്കെതിരെ നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്.

പ്രതിഭാഗത്തില്‍ ദിലീപിന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്. കേസിലെ മുഖ്യതെളിവായ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് കോടതിക്ക് ലഭിച്ചു. ഇതിന്റെ പകര്‍പ്പ് ദിലീപിനും ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രോസ് വിസ്താരം നടക്കുക.