കളക്ടര്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് കുറിപ്പിടുന്നത് ആര് ?; ചോദ്യവുമായി പി വി അന്‍വര്‍ ; റവന്യൂമന്ത്രിയുടെ മറുപടി

കളക്ടര്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണോ, ഇതിലെ കുറിപ്പുകള്‍ തയ്യാറാക്കുന്നത് ആരാണ്?
പി വി അന്‍വറും ജാഫര്‍ മാലിക്കും
പി വി അന്‍വറും ജാഫര്‍ മാലിക്കും

തിരുവനന്തപുരം : മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും തമ്മിലുള്ള അഭിപ്രായവ്യത്യാസം നേരത്തെ തന്നെ വിവാദമായിരുന്നു. ഈ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പുകളില്‍ ചോദ്യവുമായി അന്‍വര്‍ നിയമസഭയിലും വിഷയം അവതരിപ്പിച്ചു. കളക്ടര്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണോ, ഇതിലെ കുറിപ്പുകള്‍ തയ്യാറാക്കുന്നത് ആരാണ് എന്നു തുടങ്ങുന്ന ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.

അന്‍വറിന്റെ ചോദ്യങ്ങള്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രേഖാമൂലം മറുപടി നല്‍കി. സമൂഹമാധ്യമങ്ങളില്‍ കളക്ടര്‍മാര്‍ ഇടുന്ന കുറിപ്പുകളുടെയെല്ലാം ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണ്. 2015 ല്‍ ആരംഭിച്ച മലപ്പുറം കളക്ടര്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് ഔദ്യോഗികമാണെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂരിലെ പുനരധിവാസ പദ്ധതികളെച്ചൊല്ലിയാണ് കളക്ടറും എംഎല്‍എയും തമ്മില്‍ കൊമ്പുകോര്‍ത്തത്. ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്കായുളള വീടു നിര്‍മ്മാണം പി വി അന്‍വര്‍ തടഞ്ഞിരുന്നു. ഇതിന് എംഎല്‍എയ്‌ക്കെതിരെ കളക്ടര്‍ രം?ഗത്തുവന്നിരുന്നു. ആദിവാസി സഹോദരങ്ങള്‍ക്ക് പാര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

'എന്നെ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്. ഞാന്‍ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്. ഞാന്‍ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിര്‍ദ്ദേശങ്ങളില്‍ എനിക്ക് സഹകരിക്കാന്‍ കഴിയില്ല എന്നും കളക്ടര്‍ കുറിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com