ട്രെയിനിറങ്ങിയാൽ ടാക്സി കാത്ത് വലയേണ്ട; ഇനി കാറോടിച്ച് വീട്ടിൽ പോകാം

ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ഇനി ടാക്സിയോ ഓട്ടോയോ കാത്തു നിന്ന് വലയേണ്ട
ട്രെയിനിറങ്ങിയാൽ ടാക്സി കാത്ത് വലയേണ്ട; ഇനി കാറോടിച്ച് വീട്ടിൽ പോകാം

തിരുവനന്തപുരം: ട്രെയിൻ ഇറങ്ങുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ഇനി ടാക്സിയോ ഓട്ടോയോ കാത്തു നിന്ന് വലയേണ്ട. യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ റെന്റ് എ കാർ സംവിധാനത്തിന് തിരുവനന്തപുരം ഡിവിഷന് കീഴിൽ തുടക്കമായി.  

തിരുവനന്തപുരം ഡിവിഷന് കീഴിലെ നാല് സ്റ്റേഷനുകളിലാണ് പരീക്ഷണാർത്ഥം സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ എന്നിവിടങ്ങളിലാണ് സംവിധാനം. 

ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി. യാത്ര പുറപ്പെടും മുൻപോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമോ ടാക്സി ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയിൽ ഇതാദ്യമായാണ് റെന്റ് എ കാർ സംവിധാനം വരുന്നത്. 

ഇൻഡസ് ഗോ ഇൻ വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. ഓൺലൈൻ വഴി മുൻകൂർ പണമടയ്ക്കണം. 500 രൂപയ്ക്ക്  അഞ്ച് മണിക്കൂർ ദൂരം യാത്ര ചെയ്യാം. 5000 രൂപ ഡെപോസിറ്റും അടയ്ക്കണം. മാസ അടിസ്ഥാനത്തിലും ബുക്കിങുണ്ട്. ഒരു സ്റ്റേഷനിൽ നിന്ന് എടുത്ത വണ്ടി മറ്റൊരു സ്റ്റേഷനിൽ തിരിച്ചേൽപിച്ചാൽ മതി എന്നതാണ് മറ്റൊരു പ്രത്യേകത.

യാത്രക്കാർക്ക് കൂടുതൽ സൗകര്യവും റെയിൽവേയ്ക്ക് കൂടുതൽ വരുമാനവും നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് നാല് സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്. അഞ്ച് കാർ വീതമാണ് ഓരോ സ്റ്റേഷനിലും സർവീസ് നടത്തുക. മൂന്ന് മാസത്തിനു ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com