പാതിരാത്രിയിൽ ഫോൺ കോൾ; കേൾക്കുന്നത് കുഞ്ഞുങ്ങളുടേയും പെൺകുട്ടികളുടേയും കരച്ചിൽ; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

By സമകാലിക മലയാളം ഡെസ്‌  |   Published: 12th February 2020 08:33 AM  |  

Last Updated: 12th February 2020 08:33 AM  |   A+A-   |  

call

 

ഇടുക്കി; പാതിരാത്രികളിലായിരിക്കും ആ ഫോൺ കോൾ എത്തുക. എടുത്തു കഴിഞ്ഞാൽ കേൾക്കുന്നത് നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദമാണ്. തിരിച്ചുവിളിച്ചാൽ കോൾ കണക്ടാവില്ല. ഇതോടെ ഫോൺ എടുക്കുന്നവരുടെ ഉറക്കവും നഷ്ടപ്പെടു. ഇടുക്കി ജില്ലയിലുള്ള നിരവധി പേർക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ഇത്തരം കോളുകൾ വരുന്നത്. ഇത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

രാത്രി 10.30 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ പുതിയ തട്ടിപ്പാണ് ഈ മൊബൈൽ ഫോൺ കോളുകൾക്കു പിന്നിലെന്നു സൂചനയുണ്ട്.

മൊബൈൽ ഫോൺ ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തി ഫോൺ വിശദാംശങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്ന 'വാൻഗിരി തട്ടിപ്പാണെന്ന് സംശയമുണ്ട്. മിസ്ഡ് കോൾ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏർപ്പാടാണ് വാൻഗിരി. അജ്ഞാത ഫോൺ നമ്പരുകളിൽ നിന്നുവരുന്ന മിസ്‌ഡ് കോളാണ് ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. തിരിച്ചു വിളിച്ചാൽ നിമിഷങ്ങൾക്കകം മൊബൈൽ ഫോണിലെ റീചാർജ് തുകയുടെ ബാലൻസ് നഷ്ടപ്പെടും. കൂടാതെ മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തപ്പെടുമെന്നും പറയപ്പെടുന്നു.

സൊമാലിയയിൽ നിന്ന് ‘00252’ ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഒട്ടേറെ പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്നാണു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം. വിദേശ നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകും.