ബെഹ്‌റയെ മാറ്റിനിര്‍ത്തി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വെടിക്കോപ്പുകള്‍ കാണാതായതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്നാണ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
ബെഹ്‌റയെ മാറ്റിനിര്‍ത്തി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വെടിക്കോപ്പുകള്‍ കാണാതായതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി കണ്ടെത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെടിക്കോപ്പുകള്‍ കാണാതായതിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്നും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹറയെ മാറ്റിനിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗുരുതരമായ ക്രമക്കേടുകളാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണം. വിജിലന്‍സ് അന്വേഷണത്തിലുടെ സത്യം പുറത്തുവരില്ല. വെടിക്കോപ്പുകള്‍ കാണാതായതിനു പിന്നില്‍ ഗുരുതര വീഴ്ചയുണ്ട്. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി സംശയിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  അതീവ ഗൗരവ സ്വഭാവമുള്ള കാര്യമാണിത്. വെടിക്കോപ്പുകള്‍ കാണാതായതിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണം. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാ പ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്നാണ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം ഡമ്മി വെടിയുണ്ടകള്‍ വച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകളാണ് കാണാതായത്. 12061 വെടിയുണ്ടകളുടെ കുറവ് ഉളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവയ്ക്ക് പകരം ഡമ്മി വെടിയുണ്ടകള്‍ വച്ചു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങളാണ് സിഎജി ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കമാന്‍ഡന്റിനോട് വ്യക്തത തേടിയപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാണാതായ വെടിയുണ്ടകള്‍ കണ്ടെത്തുന്നതിനും റൈഫിളുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ബറ്റാലിയനുകളിലും പൊലീസ് സ്‌റ്റേഷനുകളിലും ആയുധങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെയും സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്.

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്. 

പൊലീസ് സ്‌റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com