'അന്നേ ഞാന്‍ പറഞ്ഞു ബഹ്‌റ സംസ്ഥാനത്തിന് ബാധ്യതയെന്ന്, സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന്'; അപ്പോഴെല്ലാം മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്ന് മുല്ലപ്പള്ളി

By സമകാലിക മലയാളം ഡെസ്‌  |   Published: 13th February 2020 06:15 PM  |  

Last Updated: 13th February 2020 06:15 PM  |   A+A-   |  

 

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ സിഎജിയുടെ കണ്ടെത്തല്‍ ഗുരുതരമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസിന്റെ നവീകരണത്തിനായി അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മുല്ലപ്പള്ളി ഉന്നയിച്ചത്

കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാറിന്റെ വ്യവസ്ഥ മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്ത് മുഖ്യമന്ത്രിയോ ഡിജിപിയോ ആരാണ് ആഭ്യന്തരം കയ്യാളുന്നത്. വെടിയുണ്ട സൂക്ഷിക്കാന്‍ കഴിയാത്ത പൊലീസാണോ ജനങ്ങളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബഹ്‌റ കേന്ദ്ര ആഭ്യന്തര വകുപ്പില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ അറിയാം. പിന്നീട് ഡിജിപിയായ സമയത്തും അദ്ദേഹത്തിന്റെ കൊള്ളരുതായ്മകള്‍ സമയാസമയം ചൂണ്ടിക്കാണിച്ചിരുന്നു. അന്നെല്ലാം അദ്ദേഹത്തെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഡിജിപി കേരളത്തിന് ബാധ്യതയാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞപ്പോള്‍ എന്നെ കോടതി കയറ്റുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് നിയമനടപടിയില്‍ നിന്ന് അവര്‍ മുന്നോട്ട് പോയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മോദി പിണറായി രഹസ്യധാരണയാണ് ബഹ്‌റയുടെ നിയമനം. മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയെ നിയമിച്ചതെന്നും പിണറായിയെ കേന്ദ്രം ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത്  തുടരാന്‍ പിണറായിക്കും ഡിജിപി സ്ഥാനത്ത് തുടരാന്‍ ബഹ്‌റയ്ക്കും അര്‍ഹതയില്ലെന്നും രാജിവച്ച് നിയമനടപടി നേരിടാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അപാകതകള്‍ മാത്രമുള്ളതും കാലഹരണപ്പെട്ടതുമായ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് അദ്ദേഹം വ്യ്ക്തമാക്കി. 2015 ലെ വോട്ടര്‍പട്ടിക തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടിസ്ഥാനമാക്കണ്ടെന്ന വിധിയെ ജനാധിപത്യ ബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യുവെന്നും  മുല്ലപ്പള്ളി പറഞ്ഞു.

2015 ലെ വോട്ടര്‍ പട്ടികയില്‍ ഉറച്ച് നിന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്  അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഉദോഗസ്ഥരും സി.പി.എമ്മും ശ്രമിച്ചത്. ജനാധിപത്യതത്വങ്ങളെ ലംഘിച്ച് മുന്നോട്ട് പോയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയ കോടതി വിധി. വോട്ടവകാശം പൗരന്റെ മൗലികാവകാശമാണ്. അത് ശരിയായി ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു