ഇല്ലാത്ത പോക്സോ കേസിന്റെ പേരിൽ യുവാവിൽ നിന്ന് കൈകൂലി വാങ്ങി; പൊലിസ് ഓഫിസറും സഹായിയും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 13th February 2020 07:55 AM  |  

Last Updated: 13th February 2020 07:55 AM  |   A+A-   |  

bribe

 

ഷൊർണൂർ:  ഇല്ലാത്ത പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞു യുവാവിൽ നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. ഷൊർണൂർ‌ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ  കരുനാഗപ്പള്ളി സ്വദേശി എ വിനോദ് (46) ആണ് പിടിയിലായത്. യുവാവിൽ നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിനോദിനെ വിജിലൻസ് പിടികൂടുകയായിരുന്നു.

വിനോദിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച സുബി (ഉണ്ണിക്കൃഷ്ണൻ,36) എന്നയാളെയും അറസ്റ്റ് ചെയ്തു. ബിനോയി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എത്തിയത്. കഴിഞ്ഞ മാസം ഷൊർണൂർ പൊലിസിൽ രജിസ്റ്റർ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസിൽ സിഐയും എസ്ഐയും ബിനോയിയെ സംശയിക്കുന്നു എന്നുപറഞ്ഞാണ് പ്രതികൾ ബിനോയിയെ സമീപിച്ചത്. കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 10,000 രൂപയിൽ ഒത്തുതീർപ്പിലെത്തി. 6000 രൂപ ബിനോയി വിനോദിന് മൂന്ന് തവണയായി നൽകിയിരുന്നു. ബാക്കിയുള്ള 4000 രൂപ കൈമാറുന്നതിനിടെയാണു വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും വിജിലൻസ് സംഘമെത്തി അറസ്റ്റ് ചെയ്തത്.