'എന്റെ പന്ത് ആരോ മോഷ്ടിച്ചു, കണ്ടുപിടിച്ചു തരണം'; പൊലീസ് സ്റ്റേഷനില്‍ പത്ത് വയസുകാരന്റെ കോള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 09:16 AM  |  

Last Updated: 13th February 2020 09:16 AM  |   A+A-   |  

BALL

 

തൃശൂര്‍; ഒരാഴ്ച മുന്‍പാണ് പഴയന്നൂര്‍ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തുന്നത്.  കോടത്തൂരില്‍ നിന്ന് പത്ത് വയസുകാരന്‍ അതുലിന്റെ. തന്റെ പന്ത് കാണാനില്ല, അതൊന്നു കണ്ടുപിടിച്ചു തരണം. ഇതാണ് അതുലിന്റെ ആവശ്യം. ആദ്യം ഒന്നു അമ്പരന്ന പൊലീസുകാര്‍ ഒരു പുതിയ ബോള്‍ വാങ്ങിത്തരാമെന്ന് അതുലിനോട് പറഞ്ഞു. എന്നാല്‍ തന്റെ വീട്ടില്‍ നിന്ന് ആരോ പന്ത് മോഷ്ടിച്ചതാണെന്നും ആ പന്ത് തന്നെ കണ്ടെത്തിത്തന്നാല്‍ മതിയെന്നുമായി അതുല്‍. അവസാനം 10 വയസുകാരന് വഴങ്ങി മോഷ്ടിക്കപ്പെട്ട പന്തുതന്നെ പൊലീസുകാര്‍ കണ്ടെത്തിനല്‍കി. 

അതുലിന്റെ ഫോണ്‍ കോള്‍ എത്തിയപ്പോള്‍ തമാശയായിരിക്കും എന്നാണ് പൊലീസ് കരുതിയത്. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പ്രിയയെ ബന്ധപ്പെടുന്നത്. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതാവുകയായിരുന്നു എന്ന് പൊലീസിനോട് അമ്മ പറഞ്ഞു. തൃശൂരിലെ ഹോട്ടലില്‍ ജീവനക്കാരനായ അച്ഛന്‍ കൊന്നംപ്ലാക്കല്‍ സുധീഷിനോടും അമ്മയോടും പന്ത് കണ്ടെത്തിത്തരണമെന്ന് അതുല്‍ പറഞ്ഞെങ്കിലും വേറെ പന്തു വാങ്ങിത്തരാമെന്നായിരുന്നു മറുപടി. വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരില്‍ ചിലരാണതു കൈക്കലാക്കിയതെന്ന സംശയത്തിലാണ് അതുല്‍ പൊലീസിനെ സമീപിക്കുന്നത്. 

ഗൂഗിളില്‍ പരതി പൊലീസ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പറെടുത്താണ് പരാതി പറയാനായി വിളിക്കുന്നത്. പന്തു പോയതുമായി ബന്ധപ്പെട്ട ചില സൂചനകളും നല്‍കി. തുടര്‍ന്ന് പന്ത് അന്വേഷിക്കാന്‍ പൊലീസ് രംഗത്തെത്തി. അയല്‍പക്കത്തെ വീടുകളില്‍ അന്വേഷിച്ചപ്പോള്‍ പന്തുമായി പോയ സംഘം ഒരു വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയതായി വിവരം ലഭിച്ചു. കോടത്തൂരില്‍ ഫുട്‌ബോള്‍ മത്സരത്തിനെത്തിയ കുട്ടികളാണ് അതെന്നു മനസ്സിലായി. നാട്ടുകാരില്‍ നിന്നു ചില സൂചനകള്‍ കൂടി കിട്ടിയതോടെ പൊലീസ് പന്ത് കണ്ടെത്തി അതുലിനെ തിരിച്ചേല്‍പ്പിച്ചു. തിരുവില്വാമല പുനര്‍ജനി ഗാര്‍ഡന്‍സിലെ െ്രെകസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ 5ാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍.