ട്രെയിനില്‍വെച്ച് സെബാസ്റ്റ്യന്‍ പോളിനെ ഭീഷണിപ്പെടുത്തി; പരിശോധനയില്‍ യുവാവില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങളുടെ കഞ്ചാവ്

എറണാകുളം സ്‌റ്റേഷനില്‍ നിന്ന് എസി കോച്ചില്‍ കയറിയ സെബാസ്റ്റിയന്‍ പോളിനെ ഇയാള്‍ അകാരണമായി ഭീഷണിപ്പെടുത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; മുന്‍ എംപിയും മാധ്യമ പ്രവര്‍ത്തകനുമായി സെബാസ്റ്റ്യന്‍ പോളിനെ ട്രെയിന്‍വെച്ച് ഭീഷണിപ്പെടുത്തിയ യുവാവില്‍ നിന്ന് 16 കിലോ കഞ്ചാവ് കണ്ടെത്തി. ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്‌സ്പ്രസില്‍ വിശാഖപട്ടണത്തുനിന്നു കയറിയ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അഭിരാജാണ്(22) ലക്ഷങ്ങളുടെ കഞ്ചാവുമായി പിടിയിലായത്. എറണാകുളം സ്‌റ്റേഷനില്‍ നിന്ന് എസി കോച്ചില്‍ കയറിയ സെബാസ്റ്റിയന്‍ പോളിനെ ഇയാള്‍ അകാരണമായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

അഭിരാജ് സഞ്ചരിച്ചിരുന്ന ഇതേ കോച്ചിലാണ് എറണാകുളത്തുനിന്നു സെബാസ്റ്റിയന്‍ പോള്‍ കയറിയത്. ഇരുവരും മാത്രമാണ് ഈ സമയം കോച്ചിലുണ്ടായിരുന്നത്. അഭിരാജ് തുറിച്ചുനോക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തപ്പോള്‍ മോഷ്ടാവാണോയെന്ന് ആദ്യം സംശയിച്ചുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. എന്നാല്‍, കിടക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ട്ടന്‍ വലിച്ചുമാറ്റി ഇടിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇന്‍സ്‌പെക്ടറോടു പരാതിപ്പെട്ടു.

ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജി.നായര്‍ എത്തി അഭിരാജിനോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്നാണ് പറഞ്ഞത്. ചോദ്യങ്ങള്‍ക്കും പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു ചോദിച്ചപ്പോള്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും കഞ്ചാവ് കൈവശമുണ്ടെന്നും സമ്മതിച്ചു. ഉടന്‍തന്നെ ആര്‍.പി.എഫിനെ വിവരമറിയിച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. 

രണ്ട് ബാഗുകളില്‍ മൂന്നു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍നിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിന്‍കര പ്രദേശങ്ങളിലെ വിതരണക്കാര്‍ക്ക് എത്തിക്കാനാണ് കഞ്ചാവുമായി എത്തിയത്. ഇയാള്‍ ഇതിന് മുന്‍പ് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com