ബെഹ്‌റയ്‌ക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 01:56 PM  |  

Last Updated: 13th February 2020 01:56 PM  |   A+A-   |  

behravjngjhghj

 

തൃശൂര്‍: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും. 

പൊലീസിന്റെ തിരകളും റൈഫിളുകളും കാണാതായി എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേട് നടത്തി എന്നുമുളള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഗൗരവമായ കണ്ടെത്തലുകളില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

പൊലീസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. നാളെ ഗവര്‍ണറെ കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കും.

നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ പരിഗണനയിലാണ് സിഎജി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വരിക. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ ആണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എല്‍ഡിഎഫിന് ഒരംഗത്തിന്റെ മുന്‍തൂക്കമുള്ളതാണ് ഈ കമ്മിറ്റി. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമെങ്കില്‍ ഡിജിപിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യാം.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാന്‍ ഡമ്മി വെടിയുണ്ടകള്‍ വച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സിഎജി റിപ്പോര്‍ട്ട്.

സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ക്കായുള്ള 7.62 എം. എം. എം. 80 വെടിയുണ്ടകള്‍ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങള്‍ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനല്‍കിയ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരില്‍ 269 ലൈറ്റ് മോട്ടാര്‍വാഹനങ്ങള്‍ അനുമതിയില്ലാതെ വാങ്ങി. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ആഡംബര കാറുകളാണ്. എസ്‌ഐ, എഎസ്‌ഐമാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള തുക സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തില്‍ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എഡിജിപിക്കും വില്ലകള്‍ പണിയാനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.