അജ്ഞാതൻ വീണ്ടുമെത്തി; വളർത്തുനായ്ക്കളുടെ കണ്ണുകൾ കുത്തിക്കീറി വടിവാൾ കൊണ്ട് വെട്ടിക്കൊല്ലുന്നു; നടുങ്ങി നാട്ടുകാർ

വളർത്തു നായ്ക്കളെ വടിവാൾ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതൻ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി
അജ്ഞാതൻ വീണ്ടുമെത്തി; വളർത്തുനായ്ക്കളുടെ കണ്ണുകൾ കുത്തിക്കീറി വടിവാൾ കൊണ്ട് വെട്ടിക്കൊല്ലുന്നു; നടുങ്ങി നാട്ടുകാർ

ചേർത്തല: വളർത്തു നായ്ക്കളെ വടിവാൾ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതൻ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് വളർത്തു നായ്ക്കൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. നീണ്ടകര പ്രദേശത്തെ 100 മീറ്റർ ചുറ്റളവിലായിരുന്നു ആക്രമണം. 

നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് നായയുടെ കണ്ണുകൾ കുത്തിക്കീറുകയും തല അടിച്ചു ചതയ്ക്കുകയും ചെയ്തത്. നായയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ, മുഖംമൂടി ധരിച്ച അജ്ഞാതൻ വടിവാളുമായി ഓടിമറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി അജ്ഞാതന്റെ ആക്രമണത്തിൽ മൂന്ന് നായ്ക്കൾ ചത്തു. നാട്ടുകാരും പൊലീസും പ്രദേശത്തു രാത്രി നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അജ്ഞാതനെ കുടുക്കാനായില്ല. 

അജ്ഞാതൻ ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് നായ്ക്കളെ വെട്ടി പരുക്കേൽപിക്കുന്നത്. മുഖത്തേക്കു ടോർച്ച് വെളിച്ചം തെളിച്ചാൽ തിരികെ ടോർച്ച് അടിക്കുകയും വാൾ വീശുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ജനങ്ങൾ കൂടുമ്പോൾ ഓടി മറയുകയാണു രീതി. 

മനോദൗർബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശം നന്നായി അറിയാവുന്നയാളാണ് അക്രമിയെന്നാണ് നാട്ടുകാരുടെ നിഗമനം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള മൃഗ സ്നേഹികളുടെ സംഘടന പൊലീസിനെ സമീപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com