ഏക മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2020 08:28 AM  |  

Last Updated: 14th February 2020 08:28 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഏക മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടില്‍ രാഹുലിന്റെ ഭാര്യ ജി മീര  (24), മകള്‍ മൂന്നു വയസ്സുകാരി ഋഷിക എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ കീഴില്‍ വില്ലേജ് റിസോഴ്‌സ് പേഴ്‌സണായി താല്‍ക്കാലിക ജോലി നോക്കുകയായിരുന്നു മീര.

നിര്‍മാണം നടക്കുന്ന,  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടിലാണ് സംഭവം. സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മീര. സാരിയുടെ മറ്റേ തുമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. നിര്‍മാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ്  സംഭവം പുറത്തറിയുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു.

ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്നും യുവതി എഴുതിയതെന്നു കരുതുന്ന  കുറിപ്പു ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എന്‍ സുനീഷ് പറഞ്ഞു.