'കുറ്റവാളിയെന്ന് പറയുന്നതുവരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും'; വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ പ്രതിയായതിനെ കുറിച്ച് മന്ത്രി കടകംപള്ളി

എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ സനില്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ തന്റെ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
'കുറ്റവാളിയെന്ന് പറയുന്നതുവരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും'; വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ പ്രതിയായതിനെ കുറിച്ച് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ സനില്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ തന്റെ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രതിയാണെങ്കില്‍ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'സനില്‍ കുമാര്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടോ?പ്രതി ചേര്‍ത്തിട്ടല്ലേയുള്ളൂ?അന്വേഷിക്കാം'- മന്ത്രി പറഞ്ഞു. 'ആരോപണങ്ങള്‍ വരുന്നതിനെ തടയിടാന്‍ പറ്റുമോ. ഈ പറയുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ?2013ല്‍ നടന്ന കാര്യമാണ് 2020ല്‍ ചര്‍ച്ച ചെയ്യുന്നത്. 2013നെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ?'-മന്ത്രി ചോദിച്ചു. 

പ്രതിപ്പട്ടികയില്‍ ഉള്ളൊരാള്‍ സ്റ്റാഫില്‍ തുടരുന്നതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്; 'ഒരുകുഴപ്പവുമില്ല, കുറ്റവാളിയെന്ന് പറയുന്നതുവരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 

മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍ കേസില്‍ മൂന്നാംപ്രതിയാണ്. പതിനൊന്നു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പത്തുമാസം മുമ്പാണ് പേരൂര്‍ക്കട പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിന് വെടിയുണ്ടകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com