പ്രേംജിയുടെ ഭവനം സ്മാരകമായി സംരക്ഷിക്കും, ഒരു കോടി രൂപ അനുവദിച്ചു 

പ്രേംജിയുടെ ഭവനം സ്മാരകമായി സംരക്ഷിക്കും, ഒരു കോടി രൂപ അനുവദിച്ചു 
പ്രേംജിയുടെ ഭവനം സ്മാരകമായി സംരക്ഷിക്കും, ഒരു കോടി രൂപ അനുവദിച്ചു 

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകന്മാരില്‍ പ്രമുഖനായ ഭരത് പ്രേംജിയുടെ തൃശൂരിലെ ഭവനം സ്മാരകമാക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. തൃശൂര്‍ തെക്കേമഠത്തിലെ പൗരാണിക കെട്ടിടങ്ങളുടെയും പടിഞ്ഞാറെചിറയുടെയും പുനരുദ്ധാരണത്തിന് 3.5 കോടിയും അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ് ഇതു വ്യക്തമാക്കിയത്.

തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഭരത് പ്രേംജിയുടെ ഭവനം സ്മാരകമാക്കി സംരക്ഷിക്കുന്നതിന് സാംസ്‌കാരിക വകുപ്പുമായും പ്രേംജിയുടെ കുടുംബാംഗങ്ങളുമായും പലതവണ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായ ഭവനം ബജറ്റില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പ്രേംജിക്കുള്ള സ്മാരകമാക്കി സംരക്ഷിക്കും. ഇതിനായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കും.

കേരളത്തിലെ പ്രാചീന ആധ്യാത്മിക ഗുരു സങ്കേതമായ തൃശൂര്‍ തെക്കേമഠം പൗരാണിക കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. ഈ കെട്ടിടങ്ങളുടെയും മഠത്തിനോട് ചേര്‍ന്നുള്ള പടിഞ്ഞാറെചിറയുടെയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 3.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രിയും സ്ഥലം എം എല്‍ എയുമായ അഡ്വ. വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com