മാരകായുധങ്ങള്‍ കാണിച്ച് ഭീഷണി, പൊലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം വലിച്ചെറിഞ്ഞ് ആക്രമണം; വായുസഞ്ചാരമില്ലാത്ത ടണലില്‍ ഒളിച്ച പ്രതിയെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പിടികൂടി

ഉമയനല്ലൂരില്‍ പൊലീസുകാര്‍ക്കുനേരെ അടിപിടിക്കേസ് പ്രതിയുടെ ആക്രമണം
മാരകായുധങ്ങള്‍ കാണിച്ച് ഭീഷണി, പൊലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം വലിച്ചെറിഞ്ഞ് ആക്രമണം; വായുസഞ്ചാരമില്ലാത്ത ടണലില്‍ ഒളിച്ച പ്രതിയെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പിടികൂടി

കൊല്ലം: ഉമയനല്ലൂരില്‍ പൊലീസുകാര്‍ക്കുനേരെ അടിപിടിക്കേസ് പ്രതിയുടെ ആക്രമണം. പിടികൂടാനെത്തിയ പൊലീസുകാരെയാണ് വയല്‍ സ്വദേശി റഫീഖ് തടിക്കഷ്ണം കൊണ്ട് എറിഞ്ഞത്. ആക്രമണത്തിനുശേഷം കെഎപി കനാലിന്റെ ഭാഗമായുള്ള ടണലില്‍ ഒളിച്ച റഫീഖിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പിടികൂടിയത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ കൊട്ടിയം സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. അടിപിടി കേസില്‍ പ്രതിയായ റഫീഖിനെ പിടികൂടാന്‍ എഎസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഉമയനല്ലൂര്‍ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പൊലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം എറിയുകയായിരുന്നു. ഇതിലാണ് എഎസ്‌ഐ ബിജുവിന് പരിക്കേറ്റത്.

തുടര്‍ന്ന് രക്ഷപ്പെടാന്‍ വായുസഞ്ചാരമില്ലാത്ത കെഎപി കനാലിന്റെ ഭാഗമായുളള ടണലില്‍ ഒളിക്കുകയായിരുന്നു. ടണലിന് അരക്കിലോമീറ്റര്‍ ദൂരമുണ്ട്. പ്രതിയെ പിടികൂടാന്‍ പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഇവരുടെ സഹകരണത്തോടെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടണലില്‍ പ്രവേശിച്ചത്. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്. വായുസഞ്ചാരമില്ലാത്ത ടണലില്‍ ഏറെനേരം കഴിയുന്നത് ജീവന് ഭീഷണിയാണെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com