മുഖംമൂടി ധരിച്ച അജ്ഞാതന്റെ പരാക്രമം വീണ്ടും, ആറു നായ്ക്കളെ വെട്ടിക്കൊന്നു, വീടിന് നേരെ കല്ലെറിഞ്ഞും ജനാലകളില്‍ ഇടിച്ചും ഭയപ്പെടുത്തല്‍; ഭീതിയില്‍ ഒരു നാട്

അരൂരില്‍ വളര്‍ത്തുനായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടി കൊന്ന് ഭീതി പരത്തി വീണ്ടും അജ്ഞാതന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  അരൂരില്‍ വളര്‍ത്തുനായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടി കൊന്ന് ഭീതി പരത്തി വീണ്ടും അജ്ഞാതന്‍.എഴുപുന്ന നീണ്ടകര പ്രദേശത്താണ് നായ്ക്കളെ വെട്ടി കൊന്ന് അജ്ഞാതന്‍ പരിഭ്രാന്തി പരത്തിയത്.

നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് കഴിഞ്ഞ രാത്രി നായയുടെ കണ്ണുകള്‍ കുത്തി കീറുകയും വായ ഭാഗം അടിച്ചു ചതയ്ക്കുകയും ചെയ്തത്. പെട്ടെന്നുതന്നെ നായ ചത്തു. നായയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ മുഖംമൂടി ധരിച്ച അജ്ഞാതന്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ നിന്നു വടിവാളുമായി ഓടി മറയുന്നതു കണ്ടു.നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

സംഭവം അറിഞ്ഞ് അരൂര്‍, കുത്തിയതോട് സ്‌റ്റേഷനുകളില്‍ നിന്നു രണ്ടു വാഹനങ്ങളില്‍ പൊലീസ് സ്ഥലത്തെത്തി.പ്രദേശത്ത് ഏറെനേരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം കാരുവള്ളില്‍ ജോയി, ജോയി പനക്കല്‍, സിജു പഞ്ഞിത്തറ,ചിന്നപ്പന്‍ ചക്കനാട്ടുതറ എന്നിവരുടെ വളര്‍ത്തു നായ്ക്കളെയാണു അജ്ഞാതന്‍ വെട്ടിക്കൊന്നത്.

അജ്ഞാതനെ പിടികൂടാന്‍ നീണ്ടകരയിലെ ഒരു സംഘം യുവാക്കള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് പുലര്‍ച്ചെ വരെ റോന്ത് ചുറ്റുകയാണ്. പൊലീസും രാത്രി പട്രോളിങ് നടത്തുന്നുണ്ട്. ഈ പ്രദേശം ഏറെ പരിചയമുള്ള ആളാകാം അജ്ഞാതനെന്നു പ്രദേശവാസികള്‍ പറഞ്ഞു. രാത്രി ഓടി രക്ഷപ്പെടണമെങ്കില്‍ പ്രദേശം അറിയാവുന്ന ആള്‍ തന്നെയാണെന്നു ജനങ്ങള്‍ പറയുന്നു. മനോദൗര്‍ബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് ചിലര്‍ കരുതുന്നത്.

നീണ്ടകരയിലെ ജനങ്ങള്‍ 3 ദിവസമായി ഭയപ്പാടിലാണ്.വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ശേഷമാണ് നായ്ക്കളെ വെട്ടി കൊന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com