'മോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി പിണറായി മാറരുത്'; പരിഹാസവുമായി മുല്ലപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 14th February 2020 07:13 PM  |  

Last Updated: 14th February 2020 07:13 PM  |   A+A-   |  

mullappally

ഫയല്‍ ചിത്രം

 

കോഴിക്കോട്: കേരള പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ട് എന്‍ഐഎയുടെ  അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസപ്പെടുത്താനാകുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രത്തെ ഭയപ്പെടുകയാണ് മുഖ്യമന്ത്രി. നരേന്ദ്ര മോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറരുത്. ഡിജിപിയും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുന്‍പും പറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുഖ്യമന്ത്രിയാണ് ഡിജിപിയെ സംരക്ഷിക്കുന്നത്. പിണറായി വിജയനാണോ അതല്ല ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണോ ആഭ്യന്തര മന്ത്രിയെന്ന് വ്യക്തമാകാത്ത അവസ്ഥയാണുള്ളതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

ഒരു കാരണവുമില്ലാതെ കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയവരോട്, ആയുധം കാണാതായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പതിനാറാം തീയതിക്ക്  ശേഷം  വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.