എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ ; അഭിഭാഷകനെ സാക്ഷിയാക്കിയത് ഭീഷണിപ്പെടുത്തി, പൊന്നാമറ്റത്തു നിന്നും കണ്ടെടുത്തത് സയനൈഡ് അല്ലെന്നും ആളൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2020 01:11 PM  |  

Last Updated: 15th February 2020 01:11 PM  |   A+A-   |  

 

 

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി  കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. മുഖ്യപ്രതി ജോളി ജോസഫ്, കൂട്ടുപ്രതി എം എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.

എന്നാല്‍ റോയ് തോമസ് കൊലപാതകക്കേസിലെ എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് ജോളിക്കുവേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍ വാദിച്ചു. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് കേസില്‍ സാക്ഷിയാക്കിയത്. ജോളി താമസിച്ച പൊന്നാമറ്റം വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.

കേസില്‍ പ്രധാന സാക്ഷികളായ റോയ് തോമസിന്റെ മക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. 17 വര്‍ഷങ്ങള്‍ക്കിടെയാണ് ആറ് കൊലപാതകങ്ങള്‍ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. ഈ കൊലപാതക പരമ്പരയില്‍ ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭര്‍തൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.

ആറ് വര്‍ഷത്തിന് ശേഷം അന്നമയുടെ ഭര്‍ത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നല്‍കിയായിരുന്നു ഈ കൊലപാതകം. 2011 സെപ്റ്റംബറിലാണ് ജോളി ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ഇത്. 2014 ഫെബ്രുവരിയില്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജോളി കൊലപ്പെടുത്തി.

റോയ് തോമസിന്റെ മരണത്തില്‍ സംശയം ഉന്നയിച്ചതും പോസ്റ്റ്‌മോര്‍ട്ടത്തിന് വാശി പിടിച്ചതുമാണ് മാത്യുവിനോട് ജോളിക്ക് പകയുണ്ടാക്കിയത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആല്‍ഫൈനായിരുന്നു ജോളിയുടെ അഞ്ചാമത്തെ ഇര.  ബ്രെഡില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ആല്‍ഫൈനെ വകവരുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ
സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ഗുളികയില്‍ സയനൈഡ് പുരട്ടിയും, കുടിവെള്ളത്തില്‍ കലര്‍ത്തിയുമാണ് സിലിയെ ഇല്ലാതാക്കിയത്.

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.