ഏഴു മണിക്കൂറിനിടെ വീട്ടമ്മയ്ക്ക് മൂന്ന് ശസ്ത്രക്രിയ; തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ ആദ്യം

By സമകാലിക മലയാളം ഡെസ്‌  |   Published: 15th February 2020 08:44 AM  |  

Last Updated: 15th February 2020 08:44 AM  |   A+A-   |  

operation

 

തിരുവനന്തപുരം; വീട്ടമ്മയ്ക്ക് മൂന്ന് ശസ്ത്രക്രിയകള്‍ ഏഴു മണിക്കൂറിനിടെ നടത്തി വിജയകരമാക്കി തിരുവനന്തപുരം മെഡിക്കല്‍ കൊളജ്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പടെയുള്ള മൂന്ന് ശസ്ത്രക്രിയകളാണ് നടന്നത്. ആദ്യമായിട്ടാണ് സങ്കീര്‍മായ ശസ്ത്രക്രിയ മെഡിക്കല്‍ കൊളജില്‍ നടക്കുന്നത്.

ശ്വാസംമുട്ടലും വയറിനു പെരുക്കവുമായാണ് 49കാരിയായ വീട്ടമ്മ ചികിത്സ തേടിയത്. പരിശോധിച്ചപ്പോള്‍ ഹൃദയത്തിലും തൊണ്ടയിലും വയറ്റിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയവാല്‍വിന് ചുരുക്കവും ഇടത്തെ ഹൃദയ അറയില്‍ മുഴയും കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് തൈറോയിഡ ഗ്രന്ഥിയില്‍ വലിയ കാന്‍സര്‍ മുഴ വളരുന്നതായും അത് കഴുത്തിലെ കലകളിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തിയത്. കൂടാതെ ഗര്‍ഭപാത്രത്തിനുള്ളില്‍ മറ്റൊരു മുഴയും കണ്ടെത്തി.

ഹൃദയ അറയ്ക്കുള്ളിലെ മുഴയും തൈറോയിഡ് ഗ്രന്ഥിയും കഴുത്തിലെ കഴലകളും ഗര്‍ഭപാത്രവും നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് എല്ലാ ശസ്ത്രക്രിയകളും ഒരേ ദിവസം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 25നായിരുന്നു ഓപ്പറേഷന്‍. ജനറല്‍ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ സമയം തന്നെ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെ സിമിയുടെ നേതൃത്വത്തില്‍ ഗര്‍ഭപാത്രം നീക്കി. ഈ ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ഡോ സുരേഷ് കുമാര്‍, ഡോ കൃഷ്ണ, ഡോ വിപിന്‍, ഡോ, മഹേഷ്, എന്നിവര്‍ ഹൃദയ അറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്തു. ഗര്‍ഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്റീമിറ്ററും ഹൃദയ അറയിലെ മുഴയ്ക്ക് ഏഴ് സെന്റീമീറ്ററും വലിപ്പമുണ്ടായിരുന്നു.