പാലാരിവട്ടം പാലം അഴിമതി : മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും ; അറസ്റ്റിനും സാധ്യത ?

അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ശേഖരിച്ച രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ചോദിച്ചറിയും
പാലാരിവട്ടം പാലം അഴിമതി : മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും ; അറസ്റ്റിനും സാധ്യത ?

തിരുവനന്തപുരം : കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനോട് നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് ഡിവൈഎസ് പി ശ്യംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലിരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ചോദിച്ചറിയും. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിന് എതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത്  മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലന്‍സ് നിഗമനം. മന്ത്രിയും ഉദ്യോഗസ്ഥരും ഒറ്റദിവസം കൊണ്ട് ഫയലില്‍ ഒപ്പിട്ടാണ് കരാര്‍ കമ്പനിക്ക് പണം അനുവദിച്ചതെന്നതിന്റെ രേഖയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു,

ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതുവരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്തേക്കും. തെളിവുകളും എതിരാവുന്ന പക്ഷം അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുമുണ്ട്. കേസുമായി ബന്ധപ്പെട്ട് വിജിയലന്‍സ് നേരത്തെയും ഇബ്രാഹിംകുഞ്ഞില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

നേരത്തെ വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി സുമിത് ഗോയല്‍,നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറില്‍ നിന്നും അന്വേഷണാനുമതി കിട്ടിയതോടെ  നിയമസഭാ സമ്മേളനം കഴിഞ്ഞ് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com