പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; നടക്കുന്നത് കൂട്ടുകച്ചവടം: അന്വേഷണം വേണമെന്ന് ചെന്നിത്തല

കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; നടക്കുന്നത് കൂട്ടുകച്ചവടം: അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസിലെ അഴിമതി നടന്നത്. ആരെയും പേടിയില്ലാത്തതു പോലെയാണ് ഡിജിപി പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

2015 സെപ്റ്റംബറില്‍ തൃശ്ശൂര്‍ എ ആര്‍ ക്യാമ്പില്‍ സീല്‍ ചെയ്ത ഒരു പാക്കറ്റില്‍ 200 ബുള്ളറ്റ് കാണാതെ പോയി എന്നത് വസ്തുതയാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ തന്നെ അന്വേഷണത്തിന് ബോര്‍ഡിനെ നിയോഗിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് പുതിയ ബോര്‍ഡിനെ ഏല്‍പിച്ചു. അവര്‍ കണ്ടെത്തിയതിങ്ങനെയാണ്: വെടിയുണ്ടകള്‍ നഷ്ടമായ സ്‌റ്റോക്ക് 1999 ജൂലൈ 12ന് പാക്ക് ചെയ്തതാണെന്നും, 2000 മുതല്‍ 2014 വരെ എപ്പോഴെങ്കിലും കാണാതായതാകാം എന്നുമാണ്.

എന്നാല്‍ 2017ല്‍ സ്‌റ്റോക്കെടുത്തപ്പോള്‍ 7433 ബുള്ളറ്റുകള്‍ കാണാനില്ലെന്ന് കണ്ടെത്തി. 2018 ഒക്ടോബര്‍ 16ന് അടുത്ത സ്‌റ്റോക്കെടുത്തപ്പോള്‍ കാണാതായ ബുള്ളറ്റുകളുടെ എണ്ണം 8398 ആയി കൂടി. ഇത് ഇടത് മുന്നണിയുടെ കാലത്താണെന്നത് വ്യക്തമാണ്.

25 റൈഫിളുകള്‍ കാണാനില്ലെന്നത് ഗുരുതരമായ കണ്ടെത്തലാണ്. െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സിഎജിക്ക് മറുപടി നല്‍കിയത്. അത് സംബന്ധിച്ച് തയ്യാറാക്കിയ രേഖകളിലെ പിഴവാണെന്നാണ് സര്‍ക്കാരിന്റെ ന്യായം. എന്നാലിത് ക്ലറിക്കല്‍ പിഴവാണോ?

സിഎജി ചീഫ് സ്‌റ്റോക്കിലെ രേഖകള്‍ നേരിട്ട് പരിശോധിച്ചു. അപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണ് എന്ന് തെളിഞ്ഞു. അതുകൊണ്ടാണ് റൈഫിളുകള്‍ കാണാതായി എന്ന നിലപാടില്‍ സിഎജി ഉറച്ചു നില്‍ക്കുന്നത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തള്ളി എന്നര്‍ത്ഥം.- അദ്ദേഹം പറഞ്ഞു.

ബെഹ്‌റ ചുമതലയേറ്റ ശേഷം 151 കോടിയുടെ പര്‍ച്ചേസ് നടത്തി. ഹൗസിങ് കോര്‍പ്പഷന്റെ പണം വകമാറ്റിയത് എല്‍ഡിഎഫ് ഭരണകാലത്താണെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് പൊലീസ് കേന്ദ്രഫണ്ട് ഉപയോഗിക്കുന്നത്. താന്‍ പൊലീസ് മന്ത്രിയായിരുന്ന കാലത്ത് പൊലീസുകാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്രഫണ്ട് വിനിയോഗിക്കരുതെന്നായിരുന്നു ചട്ടം. അതുകൊണ്ടാണ് സംസ്ഥാനഫണ്ടചില്‍ നിന്ന് 42 കോടി രൂപ അന്ന് വകമാറ്റിയത്. വിവിഐപി വാഹനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പൊലീസ് മോഡറൈസേഷന് വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സിംസ് പദ്ധതിയുടെ കരാര്‍ ഗാലക്‌സോണ്‍ കമ്പനിക്ക് നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 2017 ജൂലൈയില്‍ മാത്രം ആരംഭിച്ച ഈ കമ്പനിയെ ഇത്രയും വലിയ പദ്ധതി എന്തടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചത്. ആരുടെ ബിനാമി കമ്പനിയാണ് ഗാലക്‌സോണ്‍ എന്നത് മലയാളിക്ക് അറിയാന്‍ അവകാശമുണ്ട്. ഡിജിപി സ്‌പോണ്‍സേഡ് ഓര്‍ഗനൈസ്ഡ് ലൂട്ട് ആണ് ഇവിടെ നടന്നിരിക്കുന്നത്. പൊലീസ് ക്രമക്കേടുകള്‍ സിബിഐക്ക് റഫര്‍ ചെയ്യണം. തന്റെ കാലത്ത് ക്രമക്കേടുകള്‍ നടന്നെങ്കില്‍ അതും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com