വയറ്റിനുള്ളില്‍ രണ്ട് മുട്ട, പുറത്തുവരാതെ കഷ്ടപ്പെട്ട് കോഴി; അവസാനം 'സിസേറിയന്‍'; അപൂര്‍വം

കോഴികളില്‍ അപൂര്‍വമായാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്
വയറ്റിനുള്ളില്‍ രണ്ട് മുട്ട, പുറത്തുവരാതെ കഷ്ടപ്പെട്ട് കോഴി; അവസാനം 'സിസേറിയന്‍'; അപൂര്‍വം

കൊല്ലം; മുട്ടയിടാന്‍ കഴിയാതെ അവശനിലയിലായ കോഴിക്ക് സിസേറിയന്‍ നടത്തി. വയറ്റിനുള്ളില്‍ രണ്ട് മുട്ട ഉണ്ടായിട്ടും പുറത്തുവരാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കൊല്ലം കൊറ്റക്കര തെക്കേവീട്ടില്‍ രഘുനാഥന്‍ നായരുടെ കോഴിയാണ് മുട്ടയിടാനാവാതെ വിഷമിച്ചത്. തുടര്‍ന്ന് കോഴിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എക്‌സറേ പരിശോധനയില്‍ കോഴിയുടെ ഉള്ളില്‍ രണ്ട് മുട്ടയുള്ളതായി കണ്ടെത്തി. അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. ഒരു മുട്ട ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു തുടര്‍ന്ന് സിസേറിയന്‍ നടത്തേണ്ടിവന്നു. കോഴികളില്‍ അപൂര്‍വമായാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.

മുട്ടയിടുന്നതില്‍ തടസമുണ്ടാകുന്നത് സാധാരണമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നതും അപൂര്‍വമാണ്. മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂര്‍ത്തിയാകാതെ മുട്ടയിടല്‍ ആരംഭിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം ഇങ്ങനെ സംഭവിക്കാം എന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ അജിത് ബാബു പറഞ്ഞു. താത്കാലികമായി കോഴിയുടെ മുട്ടയിടല്‍ നിര്‍ത്തുന്നതിന് മൂന്നു ദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ നിജിന്‍ ജോസ്, ഡോ രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com