ശബരിമല സമരനായകന്‍ ; ബിജെപിക്ക് യുവത്വത്തിന്റെ പ്രസരിപ്പ്

രസതന്ത്രത്തില്‍ ബിരുദധാരിയായ കെ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്
ശബരിമല സമരനായകന്‍ ; ബിജെപിക്ക് യുവത്വത്തിന്റെ പ്രസരിപ്പ്

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് താരതമ്യേന ചെറുപ്പക്കാരനായ ഒരാള്‍ എത്തുന്നത് ഇതാദ്യമായാണ്. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ സുരേന്ദ്രനെ 49-ാം വയസ്സിലാണ് സംസ്ഥാന പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം തേടിയെത്തുന്നത്. കഴിഞ്ഞതവണ ചുണ്ടോളമെത്തി നഷ്ടമായ പ്രസിഡന്റ് പദവിയാണ് ഇത്തവണ സുരേന്ദ്രനെ തേടിയെത്തിയതെന്നതും മറ്റൊരു പ്രത്യേകതയാണ്.

രസതന്ത്രത്തില്‍ ബിരുദധാരിയായ കെ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് യുവമോര്‍ച്ചയിലേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയ സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. മൂന്നുതവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ചു. (2009ലും 2014ലും കാസര്‍ഗോഡ് നിന്നും 2019 ല്‍ പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിച്ചു.)

2011ലും 2016ലുമാണ് മഞ്ചേശ്വരത്തു നിന്ന് കെ സുരേന്ദ്രന്‍ നിയമസഭയിലേക്ക് മല്‍സരിച്ചത്. കഴിഞ്ഞതവണ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. മുസ്‌ലിംലീഗും ഇടതുപക്ഷവും കൈകോര്‍ത്ത് കള്ളവോട്ട് ചെയ്താണ് തോല്‍പ്പിച്ചതെന്ന് ആരോപിച്ച കെ സുരേന്ദ്രന്‍, മഞ്ചേശ്വരത്തില്‍ തെരഞ്ഞെടുപ്പ് കേസ് നടത്തിവരികയായിരുന്നു.

മികച്ച പ്രാസംഗികനും വാഗ്മിയുമായ കെ സുരേന്ദ്രന്, കന്നഡ, തുളു ഭാഷകളിലും പ്രാവീണ്യമുണ്ട്. മികച്ച പ്രസംഗപരിഭാഷകന്‍ കൂടിയാണ്. ശബരിമല പ്രക്ഷോഭത്തിലെ സമരനായകനെന്ന പരിവേഷവും കെ സുരേന്ദ്രനോട് സംഘപരിവാര്‍ അണികള്‍ക്ക് പ്രതിപത്തി വര്‍ധിപ്പിച്ചു. ശബരിമല സമരവുമായി ബന്ധപ്പെട്ട് മൂന്നുമാസത്തോളം കെ സുരേന്ദ്രന്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com