കേരള പൊലീസിന്റെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് 'ഔട്ട്'; വിവാദം

പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കിയതായി ആക്ഷേപം
കേരള പൊലീസിന്റെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് 'ഔട്ട്'; വിവാദം

തൃശൂര്‍: പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കിയതായി ആക്ഷേപം. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്‌കാരം എന്നാണ് പൊലീസിന്റെ വിശദീകരണം.

15നാണ് വിവിധ ബറ്റാലിയനുകളിലുളള പുതിയ ബാച്ചുകളുടെ ട്രെയിനിങ് ആരംഭിച്ചത്. ഇതിനായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്നാണ് ബീഫിനെ ഒഴിവാക്കിയത്. പൊലീസിന്റെ അകത്തു നിന്നു തന്നെയാണ് ഇതുസംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ ഭക്ഷണ മെനുവില്‍ ബീഫിനെ ഉള്‍പ്പെടുത്തിയിരുന്നു. ബറ്റാലിയനുകളിലെ അതത് ഭക്ഷണ കമ്മിറ്റികള്‍ക്ക് ഏത് ദിവസം ബീഫ് വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ അനുവദിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഭക്ഷണമെനു. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ബീഫിനെ ഭക്ഷണമെനുവില്‍ നിന്ന ഒഴിവാക്കിയിരിക്കുന്നത്.

രാവിലെ അഞ്ചുമുതല്‍ കിടക്കാന്‍ പോകുന്നത് വരെയുളള സമയക്രമത്തിലെ ഭക്ഷണമെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഇഷ്ടമുളള ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് ഓപ്ഷനുകളും അനുവദിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്‌കാരം എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പൊലീസുകാരുടെ ആരോഗ്യം കണക്കിലെടുത്താണ് ബീഫിനെ ഒഴിവാക്കിയതെന്നും പൊലീസ് പറയുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയാണ് വിവിധ ബറ്റാലിയനുകള്‍ക്കായി ഭക്ഷണ മെനു തയ്യാറാക്കിയത്. ബീഫ് വേണമെന്നുണ്ടെങ്കില്‍ അതത് ഭക്ഷണ കമ്മിറ്റികള്‍ക്ക് തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com