'ബോലോ തക്ബീറുമായി എസ്ഡിപിഐ'; 'ജയ്ശ്രീറാമുമായി ആര്‍എസ് എസ്'; വര്‍ഗീയ ധ്രുവീകരണത്തിന് ഊര്‍ജ്ജിത ശ്രമം; പൗരത്വ സമരം താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് സിപിഎം

'ബോലോ തക്ബീറുമായി എസ്ഡിപിഐ'; 'ജയ്ശ്രീറാമുമായി ആര്‍എസ് എസ്'; വര്‍ഗീയ ധ്രുവീകരണത്തിന് ഊര്‍ജ്ജിത ശ്രമം; പൗരത്വ സമരം താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് സിപിഎം

മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുഴുവന്‍ ജനവിഭാഗത്തെയും പങ്കെടുപ്പിക്കുന്ന തരത്തിലാവും മാര്‍ച്ച് 23ലെ പരിപാടിയെന്ന് കോടിയേരി

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരായ സമരം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23ന് രാജ്ഗുരു, സുഖ്‌ദേവ്, ഭഗത് സിങ് രക്തസാക്ഷിദിനത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചൂഷണരഹിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് കോടിയേരി പറഞ്ഞു. ജനുവരി 26ന് സംസ്ഥാനത്ത് നടന്ന മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തു മുഴുവന്‍ ആളുകളെയും പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന തരത്തിലാകും സംഘാടനമെന്നും കോടിയേരി പറഞ്ഞു.

ഇതിന്റെ ഭാഗമായി മാര്‍ച്ച്് 15വരെ എല്‍ഡിഎഫ് വാര്‍ഡ് തലത്തില്‍ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കും. എല്ലാവീടുകളിലും കയറി പ്രചാരണം നടത്തും. ഇതില്‍ ബിജെപിയുടെ സാമ്പത്തിക നയവും തുറന്നുകാണിക്കുമെന്ന് കോടിയേരി പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് അസമത്വം ശക്തിപ്പെടുകയാണ്. അരനൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇതില്‍ ജനജീവിതം ദുസ്സഹമാണെന്നും രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണെന്നും കോടിയേരി പറഞ്ഞു.

ഹിന്ദുത്വ അജണ്ട ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം കൊണ്ടുവന്നത്. ഇതേതുടര്‍ന്ന് മറ്റെല്ലാം ജനകീയ പ്രശ്‌നങ്ങള്‍ പുറകിലോട്ട് പോകുകയും വര്‍ഗീയ പ്രശ്‌നങ്ങള്‍ മുന്നോട്ടുകൊണ്ടുവരികയുമാണ് ഉണ്ടായത്. പൗരത്വനിയമത്തിനെതിരെ ജനുവരി 26ന് സംസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖല രാജ്യത്തിന് തന്നെ മാതൃകയായി. ഇത് ഇടതുപക്ഷത്തിന്റെ യശസ്സ് വര്‍ധിപ്പിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനവിഭാഗത്തെയും പങ്കെടുപ്പിക്കുന്ന തരത്തിലാവും മാര്‍ച്ച് 23ലെ പരിപാടിയെന്നും കോടിയേരി പറഞ്ഞു.

ഇതിനായി താഴെത്തട്ടുമുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണം. പൗരത്വനിയമത്തിന്റെ ഭാഗമായി  ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വധ്രുവീകരണത്തിനുളള ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ പരിപാടികളില്‍ കേന്ദ്രമന്ത്രിമാരാണ് പങ്കെടുക്കുന്നത്. അതിനായി ഗൃഹസന്ദര്‍ശനവും അവര്‍ നടത്തുന്നു. അതോടൊപ്പം ഒരുവിഭാഗം മുസ്ലീം തീവ്രവാദസംഘടനകളും ഇതേരീതിയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാകുമെന്ന് കോടിയേരി പറഞ്ഞു.  ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് മുസ്ലീം തീവ്രവാദപ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. ഇവര്‍ മുസ്ലീം വിഭാഗത്തെ ഭീകരതയ്ക്ക്  ആയുധമാക്കുമ്പോള്‍ ആര്‍എസ്എസ് ഹിന്ദുവിഭാഗത്തെ ജയ്ശ്രീം റാം വിളിപ്പിക്കുകയാണ്. ഇവര്‍ രണ്ട് കൂട്ടരെയും ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് വേണ്ടതെന്ന് കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ ഈ മാസം 18ന് അസംബ്ലി മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വന്‍ ജനപങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com