വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ല ; സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം കാലം ഡിജിപി തുടരുമെന്ന് കോടിയേരി

സിഎജി റിപ്പോര്‍ട്ടിനെ ഭയപ്പെടുന്നില്ല. സിഎജി റിപ്പോര്‍ട്ടിനെ ഉയര്‍ത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്
വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ല ; സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം കാലം ഡിജിപി തുടരുമെന്ന് കോടിയേരി

തിരുവനന്തപുരം: വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് സേനയില്‍ വെടിയുണ്ട കാണാതാകുന്നത് അത്യപൂര്‍വ്വ കാര്യമല്ല. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പൊലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പൊലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുകയെന്നും കോടിയേരി പറഞ്ഞു.

പൊലീസുകാര്‍ക്ക് കൊടുത്തുവിടുന്ന തിരകള്‍ തിരിച്ച് കൊണ്ടുവരാത്തതാകാം കാരണമെന്നും കോടിയേരി പറഞ്ഞു. തോക്ക് അവിടെ തന്നെ കാണും . വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിലെ പാകപ്പിഴയ്ക്ക് അപ്പുറം മറ്റൊന്നുമാകാന്‍ സാധ്യതയില്ല. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കുമ്പോള്‍ അക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിനെ ഭയപ്പെടുന്നില്ല. സിഎജി റിപ്പോര്‍ട്ടിനെ ഉയര്‍ത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്.  ഡിജിപി ഫണ്ട് അഴിമതി നടത്തിയതല്ല സിഎജി പറഞ്ഞത്, ഫണ്ട് വകമാറ്റിയതിനെപ്പറ്റിയാണ്. ഒരു ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് സിഎജി കുറ്റപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സിഎജി റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ല. ഡിജിപിയെ നിയമിക്കുന്നത് പാര്‍ട്ടിയല്ല. സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോലം കാലം ഡിജിപി ആ സ്ഥാനത്ത് തുടരുമെന്നും കോടിയേരി പറഞ്ഞു.

പൊലീസിലെ അഴിമതി വിശദാംശങ്ങള്‍ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കും മുമ്പ് ചോര്‍ന്നത് അസാധാരണ നടപടിയാണെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സിഎജിയാണ് വ്യക്തമാക്കേണ്ടത്. റിപ്പോര്‍ട്ട് സഭയിലെത്തും മുമ്പ് ചോര്‍ന്നോ എന്ന് സിഎജി തന്നെ അന്വേഷിക്കണം. നിയമസഭയുടെ സവിശേഷ അധികാരത്തെ ബാധിക്കുന്നതാര്യമാണ്. ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് പോയി എന്നത് വസ്തുതയാണെന്നും കോടിയേരി പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്മേല്‍ സിബിഐ അന്വേഷണമോ, ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്മന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com