വനപാലകര്‍ വെന്തുമരിച്ചെന്ന ദുരന്തവാര്‍ത്ത കേട്ടു; കുഴഞ്ഞുവീണ അയല്‍വാസി മരിച്ചു

വനപാലകര്‍ മരിച്ചതറിഞ്ഞ് കുഴഞ്ഞുവീണ അയല്‍വാസിയായ അയ്യപ്പനാണ് മരിച്ചത് 
വനപാലകര്‍ വെന്തുമരിച്ചെന്ന ദുരന്തവാര്‍ത്ത കേട്ടു; കുഴഞ്ഞുവീണ അയല്‍വാസി മരിച്ചു

തൃശൂര്‍: കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് കുഴഞ്ഞുവീണ അയല്‍വാസി മരിച്ചു.
കൊടുമ്പ് സ്വദേശി അയ്യപ്പനാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഇയാള്‍ കുഴഞ്ഞുവീണത്.

അതേസമയം മരിച്ചവരുടെ കുടുംബത്തെ സഹായിക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതോടൊപ്പം ആശ്രിതര്‍ക്ക് ജോലിയും നല്‍കുമെന്ന് മന്ത്രി വ്യ്ക്തമാക്കി.

തീ അണയ്ക്കുന്നതിനിടെയാണ് മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. ചെറുതുരുത്തിയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്‌റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ വനം ്രൈടബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍, താല്‍ക്കാലിക ജീവനക്കാരന്‍ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പില്‍ വേലായുധന്‍, വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ദേശമംഗലം, ചെറുതുരുത്തി, മുള്ളൂര്‍ക്കര, വരവൂര്‍ പഞ്ചായത്തുകളുടെ ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം. കൊറ്റമ്പത്തൂര്‍, കുമരംപനാല്‍, പള്ളം മേഖലകളോടു ചേര്‍ന്നു കിടക്കുന്ന മലയുടെ മുകളില്‍ 3 ദിവസമായി തീ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട്ടുതീ അണയ്ക്കാന്‍ നിയോഗിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘം പലതായി പിരിഞ്ഞ് ഇന്നലെ ഉച്ച തിരിഞ്ഞാണു കാടുകയറിയത്.

ദിവാകരനും വേലായുധനും ഉള്‍പ്പെട്ട സംഘം പച്ചില കൊണ്ടു തീയണച്ചു മുന്നേറുന്നതിനിടെ ശക്തമായ കാറ്റില്‍ തീ പടരുകയായിരുന്നു. മൂന്നുപേര്‍ തീവലയത്തില്‍ പെട്ടു. ഒരാള്‍  രക്ഷപ്പെട്ടു മറ്റൊരു സംഘത്തെ വിവരമറിയിക്കുകയായിരുന്നു. അവരെയും കൂട്ടി എത്തുമ്പോഴേക്കും 2 പേര്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com