വനിതാ കോച്ചുകളിൽ യാത്ര; കുടുങ്ങിയത് 1786 പുരുഷന്മാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2020 07:30 AM  |  

Last Updated: 18th February 2020 07:30 AM  |   A+A-   |  

ladies

 

തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ യാത്ര ചെയ്തതിനു ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. റിസർവേഷൻ കോച്ചുകളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിലും അനധികൃതമായി കയറിയ 4995 പേരെയും പിടികൂടി. ഇവർക്ക് 12.69 ലക്ഷം രൂപ പിഴയായി ചുമത്തി.

9512 പേർ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്തു. പിഴയായി 32.27 ലക്ഷം രൂപ ഈടാക്കി. ട്രെയിനിൽ പുകവലിച്ചതിനു 1742 പേരിൽ നിന്നു 1.79 ലക്ഷം രൂപ ഈടാക്കി. അപായച്ചങ്ങല അനാവശ്യമായി വലിച്ചതിനു 1810 പേരാണു കുടുങ്ങിയത്. 9.40 ലക്ഷം രൂപ പിഴ ലഭിച്ചു.

6.53 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ കടത്തിയ 292 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ അകത്തായത് 136 പേർ. 4.73 കോടി രൂപ വില വരുന്ന 14.3 കിലോഗ്രാം സ്വർണം, 52.83 ലക്ഷം രൂപ വില മതിക്കുന്ന 140 കിലോഗ്രാം വെള്ളി, കണക്കിൽപ്പെടാത്ത നാല് കോടി രൂപ എന്നിവയും പിടിച്ചു. 28 പേരാണ് അറസ്റ്റിലായത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 4,02,760 പേർ. പിഴ ഈടാക്കിയത് 16.33 കോടി രൂപ. അനധികൃത ട്രാവൽ ഏജന്റുമാരും ടിക്കറ്റ് വിൽപനക്കാരും. 95,674 പേർ. പിഴ 3.11 കോടി രൂപ. അനധികൃതമായി ട്രാക്കിലും റെയിൽവേ സ്ഥലത്തും പ്രവേശിച്ചതിന് 11,247 പേർ പിടിക്കപ്പെട്ടു. പിഴയായി 36.67 ലക്ഷം രൂപ ഈടാക്കി. റെയിൽവേ സ്ഥലത്തു പൊതുജനങ്ങൾക്കു ശല്യം ഉണ്ടാക്കൽ. 16977 പേരിൽ നിന്ന് 22.86 ലക്ഷം രൂപ പിഴ ഈടാക്കി. പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്ത് 28 പേർ കുടുങ്ങി. ഇവരിൽ നിന്ന് 20,400 രൂപ പിഴ ലഭിച്ചു.