അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാര്‍ ഒന്നാംപ്രതി; വിജിലന്‍സ് എഫ് ഐ ആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2020 06:12 PM  |  

Last Updated: 18th February 2020 06:12 PM  |   A+A-   |  

 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. മൊത്തം നാല് പ്രതികളാണ് കേസിലുള്ളത്. 

രണ്ടാപ്രതിയായ എം രാജേന്ദ്രനെ ബിനാമിയാക്കിയാണ് ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇവരെക്കൂടാതെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ഷൈജു ഹരന്‍, അഡ്വ. എം എസ് ഹരികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും അടക്കം എഴുപേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. 

ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആര്‍ വേണുഗോപാലായിരുന്നു പരാതിക്കാരന്‍.