'ഒന്നര വര്‍ഷത്തിനിടെ ഒരു കോള്‍ പോലുമില്ല' ; മുല്ലപ്പള്ളിക്കെതിരെ നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

കെ കരുണാകരന്‍ സര്‍വ പ്രതാപിയായി വാഴുന്ന കാലത്തു പോലും മറ്റു നേതാക്കളുമായി ആശയ വിനിമയവും ചര്‍ച്ചയും നടത്തിയിരുന്നുവെന്ന് വിഎം സുധീരന്‍
'ഒന്നര വര്‍ഷത്തിനിടെ ഒരു കോള്‍ പോലുമില്ല' ; മുല്ലപ്പള്ളിക്കെതിരെ നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേതാക്കളുടെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോവാനും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനും മുല്ലപ്പള്ളി ശ്രമിക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യത്യസ്ത അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടതു പരാമര്‍ശിച്ചായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍. സിബിഐ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതിനു പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രംഗത്തുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലെന്ന പ്രതീതിയാണ് ഇതു ജനങ്ങളില്‍ ഉണ്ടാക്കിയതെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ അഭിപ്രായപ്പെട്ടു.

വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനാണ് വിമര്‍ശനത്തിനു തുടക്കമിട്ടത്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് ഒന്നര വര്‍ഷമായി. ഇതുവരെ കെപിസിസി പ്രസിഡന്റിന്റെ കോള്‍ തനിക്ക് എടുക്കേണ്ടി വന്നിട്ടില്ല- സുധാകരന്‍ പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാതെയാണ് മുല്ലപ്പള്ളി തീരുമാനങ്ങള്‍ എടുക്കുന്നത് എന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.

കെ കരുണാകരന്‍ സര്‍വ പ്രതാപിയായി വാഴുന്ന കാലത്തു പോലും മറ്റു നേതാക്കളുമായി ആശയ വിനിമയവും ചര്‍ച്ചയും നടത്തിയിരുന്നുവെന്ന് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. സിഎജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ വന്നത് പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. മുല്ലപ്പള്ളിയും സുധാകരനും തമ്മില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും എന്തുകൊണ്ടാണ് അത് ഇല്ലാത്തതെന്നും സതീശന്‍ ചോദിച്ചു.

ഒന്നര വര്‍ഷത്തിനിടെ സുധാകരന്‍ ഒരിക്കല്‍ പോലും തന്നെ വന്നു കണ്ടിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. സിഎജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ആശയവിനിമയത്തില്‍ പോരായ്മയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവുമായി ഇക്കാര്യം സംസാരിക്കാനായിരുന്നില്ല. അതുകൊണ്ടാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അടുത്ത ഏഴിന് പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താനും രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com