കാട്ടുപോത്തുകൾ ഓടിച്ചു; രാത്രി മുഴുവൻ മരത്തിന് മുകളിൽ; കൊടും വനത്തിൽ അകപ്പെട്ടത് 17 മണിക്കൂർ

ഞായറാഴ്ച റോസ്‌മല രാജാക്കൂപ്പ് ഭാഗത്ത് വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു
കാട്ടുപോത്തുകൾ ഓടിച്ചു; രാത്രി മുഴുവൻ മരത്തിന് മുകളിൽ; കൊടും വനത്തിൽ അകപ്പെട്ടത് 17 മണിക്കൂർ

തെന്മല: കാട്ടുപോത്തുകൾ ഓടിച്ചതിനെ തുടർന്ന് വനത്തിൽ കാണാതായ യുവാവ് 17 മണിക്കൂറിനു ശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയിൽ സുമേഷാ (21) ണ് ആര്യങ്കാവിലെ റോസ്‌മല കാണാൻ പോകുന്നതിനിടെയാണ് സുമേഷിനെ കാണാതായത്. ഞായറാഴ്ച റോസ്‌മല രാജാക്കൂപ്പ് ഭാഗത്ത് വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട്‌ പുറത്തെത്തിയത്.

നടുക്കുന്ന അനുഭവത്തെപ്പറ്റി സുമേഷ് പറയുന്നത് ഇങ്ങനെ- ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആര്യങ്കാവിൽ നിന്ന് ബന്ധുവായ അജേഷിനൊപ്പം ബൈക്കിൽ റോസ്‌മലയിലേക്ക് യാത്ര തിരിച്ചു. റോസ്‌മല രാജാകൂപ്പ് ഭാഗത്തു വെച്ച് മൂത്രമൊഴിക്കാൻ ഇറങ്ങി. സമീപത്തെ തോടിനു മറുകരയിൽക്കണ്ട ഇടവഴിയിലൂടെ കുറച്ചു മുന്നോട്ടു നടന്നു.

ഇതിനിടയിൽ ഒരുകൂട്ടം കാട്ടുപോത്തുകൾ മുന്നിൽപ്പട്ടു. പരിഭ്രമിച്ച് എങ്ങോട്ടാണ് ഓടിയതെന്ന് അറിയില്ല. ഫോണിൽ റോഡിൽ നിൽക്കുന്ന അജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ഇല്ലായിരുന്നു. ഉച്ചത്തിൽ വിളിച്ചു നോക്കിയെങ്കിലും അജേഷ് കേട്ടില്ല. കാട്ടിലൂടെ കുറേ മുന്നോട്ടു നടന്നു. നേരം ഇരുട്ടി തുടങ്ങിയതോടെ വലിയ ഒരു മരത്തിൽക്കയറി. 

അതിനിടയിൽ കുറച്ച് റേഞ്ച് കിട്ടിയപ്പോൾ 112ൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. നിൽക്കുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും അയച്ചു കൊടുത്തു. പൊലീസും വനം വകുപ്പുദ്യോഗസ്ഥരും മരത്തിന്റെ മുകളിൽക്കയറി പരിസരം വീക്ഷിക്കാൻ നിർദേശിച്ചു.

ഇടയ്ക്ക് ബന്ധുക്കളെയും വിളിച്ചിരുന്നു. എന്നാൽ അധികം വൈകാതെ മൊബൈൽ സ്വിച്ച് ഓഫായി. ഇതിനിടയിൽ സമീപത്തു കണ്ട വലിയ മരത്തിന്റെ പൊത്തിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. ആരെങ്കിലും തിരഞ്ഞെത്തിയാൽ തിരിച്ചറിയാനായി ഷർട്ട് ഊരി സമീപത്തെ മരത്തിൽ കെട്ടിയിട്ടു. കൈയിലുണ്ടായിരുന്ന ജാക്കറ്റ് പുതച്ച് മരത്തിന്റെ പൊത്തിൽ കിടക്കുന്നതിനിടയിൽ ഏതോ വന്യ മൃഗം പൊത്തിനു മുന്നിൽ വന്നു. കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. 

പിന്നെയും പൊത്തിൽക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാൽ മരത്തിനു മുകളിൽക്കയറി. നേരം പുലർന്നതോടെ മരത്തിൽനിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയിൽ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തു. കാട്ടിലൂടെ കേബിൾ ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. കേബിൾ ജനവാസ മേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ നടന്നതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് എത്തി.

‌സുമേഷിന്റെ ഫോൺ കിട്ടിയ ഉടൻ പൊലീസ് ടെലിക്കമ്യൂണിക്കേഷൻ വിഭാഗം നോഡൽ ഓഫീസർ മനോജ് എബ്രഹാം, ഇൻ- ചാർജ് സാബു, സിപിഒ അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ തെന്മല പൊലീസുമായി ബന്ധപ്പെട്ട് തിരച്ചിലിന് നിർദേശം നൽകിയിരുന്നു. പൊലീസ് ആര്യങ്കാവ് വനം വകുപ്പുമായി ബന്ധപ്പടുകയും ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ സുമേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് തിരിച്ചടിയായി.

കാട്ടിൽ നടക്കുന്നതിനിടയിൽ കഴുത്തിൽ വള്ളിപ്പടർപ്പുകൾ കൊണ്ട നിസ്സാര പരിക്കുകൾ മാത്രമാണ് സുമേഷിനുള്ളത്. പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ അഷറഫ്, കുളത്തൂപ്പുഴ വില്ലേജ് ഓഫീസർ ജയദേവൻ തുടങ്ങിവർ ചേർന്ന് ആരോഗ്യ പരിശോധനയ്ക്കായി തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 

ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം സുമേഷിനെ തെന്മല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ശെന്തുരുണി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ബി ജീവ്കുമാർ, ആര്യങ്കാവ് റേഞ്ച് ഓഫീസർ അബ്ജു കെ അരുൺ തുടങ്ങിയവർ യുവാവിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കോട്ടയത്തു നിന്നെത്തിയ ബന്ധുക്കളോടോപ്പം സുമേഷിനെ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com