തദ്ദേശവാര്‍ഡ് വിഭജനം; നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്താനുള്ള ബില്‍ നിയമമായി
തദ്ദേശവാര്‍ഡ് വിഭജനം; നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്താനുള്ള ബില്‍ നിയമമായി. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. നേരത്തെ തദ്ദേശ വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു.

2001ലെ സെന്‍സസ് അടിസ്ഥാനമാക്കി വിഭജിച്ച വാര്‍ഡുകളാണ് ഇപ്പോഴുള്ളത്. 2011ലെ സെന്‍സസില്‍ ജനസംഖ്യ കൂടി. ഇതുപ്രകാരം, വാര്‍ഡുകള്‍ പുനര്‍വിഭജിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലെ നിയമത്തില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 13ഉം പരമാവധി 23ഉം വാര്‍ഡുകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നഗരസഭയില്‍ 25 മുതല്‍ 52 വരെയും കോര്‍പ്പറേഷനില്‍ 55 മുതല്‍ 100 വരെയും വാര്‍ഡുകളും.

ഒരു വാര്‍ഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റംവരും. നിയമപ്രകാരം ഡീ ലിമിറ്റേഷന്‍ കമ്മിഷനാണ് വാര്‍ഡ് പുനര്‍വിഭജിക്കേണ്ടത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷണറെ ചെയര്‍മാനാക്കി സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. വാര്‍ഡ് വിഭജനത്തിന് അഞ്ച് മാസമെങ്കിലുമെടുക്കും. ആക്ഷേപം സ്വീകരിക്കാന്‍ സമയം നല്‍കുകയും എല്ലാ ജില്ലയിലും സിറ്റിങ് നടത്തുകയും വേണം. തദ്ദേശതെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പുതന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയുണ്ട്.

സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ വാര്‍ഡ് വിഭജനം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com