ഫ്ലെക്സ് വെച്ചാൽ ഇനി ക്രിമിനൽ കേസ് ; പൊലീസ് സ്റ്റേഷനുകൾക്ക് ഡിജിപിയുടെ നിർദേശം

പൊതുശല്യം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്. അനധികൃതമായി ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഫ്ലെക്സ് മാറ്റണമെന്ന് റോഡ് സുരക്ഷ അതോറിട്ടിയും ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.

അനധികൃത ഫ്ലെക്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഡിജിപിക്കും റോഡ് സുരക്ഷാ അതോറിട്ടും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറാം തീയതി റോഡ് സുരക്ഷാ കമ്മീഷണറും എട്ടാം തീയതി ഡിജിപിയും സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം , അനധികൃത ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശം. പൊതുശല്യം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും, ഇവരുടെ ശ്രദ്ധ തിരിക്കുന്നതുമായ വലിയ പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം രണ്ടു മാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

റോഡിലേക്ക് മറിഞ്ഞുവീണ് വലിയ അപകടം സൃഷ്ടിച്ചേക്കാവുന്ന തരത്തിലുള്ള വലിയ ബില്‍ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡിന്റെ നടുക്കുള്ള മീഡിയനുകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ച് കാഴ്ച മറയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും, ഇത് നീക്കം ചെയ്യണമെന്നും, ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com