വിഷം ഉള്ളില്‍ ചെന്നതിന്റെയോ ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ സൂചനകളില്ല; തിരൂരില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തിരൂരില്‍ ഒരു കുടംബത്തിലെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ച കേസില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ണമായി
വിഷം ഉള്ളില്‍ ചെന്നതിന്റെയോ ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ സൂചനകളില്ല; തിരൂരില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: തിരൂരില്‍ ഒരു കുടംബത്തിലെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ച കേസില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ണമായി. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ ക്ഷതമേറ്റ പാടുകളോ വിഷാംശം ഉള്ളില്‍ ചെന്നതിന്റെയോ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തിമഫലം ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ ലഭ്യമാവുകയുള്ളു.

തിരൂര്‍ കോരങ്ങത്ത് പള്ളിയില്‍ ഇന്ന് രാവിലെ ഖബറടക്കിയ മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്താണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നേരത്തെ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ ആറു മക്കളാണ് മരിച്ചത്.  93 ദിവസം പ്രായമുള്ള ഇളയ ആണ്‍കുട്ടി ഇന്നു രാവിലെയാണ് മരിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കുട്ടിയുടെ സംസ്‌കാരം നടന്നിരുന്നതായി എസ് പി അബ്ദുള്‍ കരീം പറഞ്ഞു. ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ  ആറ് കുട്ടികളാണ് ഈ കുടുംബത്തില്‍ മരിച്ചത്.  ഒരു കുട്ടിക്ക് നാലര വയസ്സുള്ളപ്പോഴും, മറ്റു കുട്ടികള്‍ എല്ലാം ഒരു വയസ്സിന് താഴെയും പ്രായമുള്ളപ്പോഴാണ് മരിച്ചത്. കുട്ടികള്‍ മരിച്ചത് അപസ്മാരം മൂലമാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. രോഗം കണ്ടതോടെ തിരൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി അവര്‍ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നതെന്ന് എസ് പി പറഞ്ഞു.

കുട്ടികളുടെ മരണത്തിനു ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ലെന്നും നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നെന്നും പിതാവിന്റെ സഹോദരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com