​ഗുരുവായൂർ പത്മനാഭന്റെ ആരോ​ഗ്യ നിലയിൽ ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ഗുരുവായൂർ പത്മനാഭന്റെ ആരോഗ്യ നിലയിൽ ആശങ്ക
​ഗുരുവായൂർ പത്മനാഭന്റെ ആരോ​ഗ്യ നിലയിൽ ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ഗുരുവായൂർ: ദേവസ്വത്തിലെ തല മുതിർന്ന ആനയായ ഗുരുവായൂർ പത്മനാഭന്റെ ആരോഗ്യ നിലയിൽ ആശങ്ക. ഒരാഴ്ചയായി ചികിത്സ നൽകിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറയുന്നില്ല. രക്തത്തിൽ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലാണ്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ട്. 

ഇതുവരെ നൽകിയ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ ഇന്നലെ മുതൽ വീര്യമേറിയ ആന്റിബയോട്ടിക് നൽകി തുടങ്ങി. പുറമേ ആയുർവേദ മരുന്നുകൾ പുരട്ടുന്നുമുണ്ട്. അണുബാധയുടെ ലക്ഷണങ്ങളാണ് കാണുന്നത്.

ആനയ്ക്ക് 80 വയസ് കഴിഞ്ഞു. ചികിത്സ ഫലിക്കാതിരിക്കുന്നതിനു പ്രായവും ഒരു ഘടകമാണ്. അസമിൽ നിന്നുള്ള വിദഗ്ധനായ വെറ്ററിനറി സർജൻ ഡോ. കുനാൽ ശർമയെ എത്രയും വേഗം എത്തിക്കാനുള്ള ശ്രമം ദേവസ്വം ആരംഭിച്ചു. 

ഇന്നലെ മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്ന്  ഡോക്ടർമാരെത്തിയിരുന്നു. മറ്റു ചികിത്സകൾ നൽകാനില്ലെന്ന നിലപാടിലാണ് ഈ സംഘവും. ഓരോ ആറ് മണിക്കൂർ കൂടുമ്പോഴും ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. 24 മണിക്കൂറും പരിചരിക്കാൻ ആളുണ്ട്. ആനക്കോട്ടയിലെ മുഴുവൻ പാപ്പാന്മാരും പത്മനാഭന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com