കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ് ; തെളിവെടുപ്പിനിടെ പ്രതിഷേധം ; ആക്രോശവുമായി നാട്ടുകാര്‍

തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്
കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ് ; തെളിവെടുപ്പിനിടെ പ്രതിഷേധം ; ആക്രോശവുമായി നാട്ടുകാര്‍

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ്. ഭര്‍ത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സതീശന്‍ സൂചിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.

തുടര്‍ന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.

തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു.   

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.  കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com