കൃത്യമായ ആസൂത്രണം, പ്രണവിനെ വിളിച്ചുവരുത്തി ; മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കുടുങ്ങി, ശരണ്യയുടെ കുറ്റസമ്മത മൊഴി പുറത്ത്

തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങള്‍ പൊളിച്ച് ശരണ്യ സത്യം തുറന്നുപറഞ്ഞത്
കൃത്യമായ ആസൂത്രണം, പ്രണവിനെ വിളിച്ചുവരുത്തി ; മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കുടുങ്ങി, ശരണ്യയുടെ കുറ്റസമ്മത മൊഴി പുറത്ത്

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ അമ്മ ശരണ്യ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നുവെന്ന് പൊലീസ്. ഇതിന്റെ ഭാഗമായി മൂന്നുമാസമായി പിണങ്ങി പിരിഞ്ഞുകഴിയുകയായിരുന്ന ഭര്‍ത്താവ് പ്രണവിനെ യുവതി വിളിച്ചു വരുത്തി. കൊലപാതക കുറ്റം പ്രണവിന് മേല്‍ ചുമത്താനായിരുന്നു ഇത്. കുട്ടി മരിച്ചതോടെ ബന്ധുക്കളും പ്രണവിനെയാണ് സംശയിച്ചത്.

എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെയും  പഴുതടച്ച അന്വേഷണത്തിലൂടെയും അമ്മയാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയശേഷം, കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്തുന്നതോടെ അദ്ദേഹം ജയിലിലാകും. തുടര്‍ന്ന് കാമുകനൊപ്പം സ്വസ്ഥമായി ജീവിക്കാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്.

പ്രണയിച്ച് വിവാഹം കഴിച്ച ശരണ്യയും പ്രണവും തമ്മില്‍ കലഹം പതിവായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ശരണ്യയും കുഞ്ഞും താമസിച്ചിരുന്നത്. ഞായറാഴ്ച പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒപ്പം താമസിപ്പിക്കുകയും, പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശരണ്യയുടെ മൊബൈലിലെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെപ്പറ്റി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ശരണ്യയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെയും ഫലം ലഭിച്ചു. ഇതില്‍ കടല്‍ വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തി. തുടര്‍ന്ന് ഈ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങള്‍ പൊളിച്ച് ശരണ്യ സത്യം തുറന്നുപറഞ്ഞത്.

ശരണ്യ ആദ്യം പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു

മൂന്നുമാസത്തിന് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവ് പ്രണവ് വീട്ടില്‍ വന്നത്. അന്ന് വീട്ടില്‍ തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വീട്ടിലെത്തിയ പ്രണവും ശരണ്യയും കുഞ്ഞും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു.

കുഞ്ഞിന് വെള്ളം കൊടുത്തശേഷം പ്രണവിന് ഒപ്പം തന്നെ കിടത്തി. ചൂടു കാരണം താന്‍ ഹാളില്‍ കിടന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത് എന്നായിരുന്നു ശരണ്യ പൊലീസിനെ അറിയിച്ചത്.

എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ശരണ്യ സത്യം വെളിപ്പെടുത്തി. ശരണ്യയുടെ കുറ്റസമ്മത മൊഴി ഇങ്ങനെ.

ഭര്‍ത്താവ് ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും ആസൂത്രണം ചെയ്തു. ഞായറാഴ്ച രാത്രി മൂന്നുപേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് കുഞ്ഞുമായി എഴുന്നേറ്റ് ഹാളിലെത്തി. കുഞ്ഞിനെ എടുത്തതോടെ പ്രണവ് ഉണര്‍ന്നു. മുറിയില്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്ന്് പ്രണവിനോട് ശരണ്യ പറഞ്ഞു.

ഭര്‍ത്താവ് ഉറങ്ങിയെന്ന് ബോധ്യപ്പെടും വരെ ശരണ്യ കുട്ടിയുമായി ഹാളില്‍ ഇരുന്നു. തുടര്‍ന്ന് പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി. 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നും താഴേക്ക് വലിച്ചിട്ടു.

കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞു. കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി. വീണ്ടും ശക്തിയായി കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചുവീട്ടിലെത്തി അടുക്കള വാതില്‍ വഴി അകത്തെത്തി ഹാളില്‍ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് കിടന്നുറങ്ങിയെന്ന് ശരണ്യ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com