ചുട്ടുപൊള്ളിച്ച ചൂടിന് ഇന്ന് ശമനമുണ്ടാവും; ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2020 07:18 AM  |  

Last Updated: 19th February 2020 07:18 AM  |   A+A-   |  

hot

 

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ചുട്ടുപൊള്ളിച്ച ചൂടിന് ഇന്ന് ശമനമുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. 

കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച കണ്ണൂരിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കണ്ണൂര് ഇന്നലെ രേഖപ്പെടുത്തിയത്. 

ശരാശരിയേക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് കണ്ണൂരില്‍ അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച 35.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതല്‍ ചൂട് രേഖപ്പെടുത്തി. 

ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉച്ചവെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനുമാണ് നിര്‍ദേശം. ലഹരി പാനീയങ്ങള്‍ പകല്‍ ഒഴിവാക്കാനും ദുരന്ത നിവാരണ അതോറ്റിറ്റി നിര്‍ദേശിക്കുന്നു.