വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 19th February 2020 08:34 PM  |  

Last Updated: 19th February 2020 08:50 PM  |   A+A-   |  

 

കൊച്ചി: ദുരിതാശ്വാസനിധി സമാഹരണത്തിനായി സംഘടിപ്പിച്ച കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത  വീഡിയോയിലാണ് വിശദീകരണം. 

ബിജിബാല്‍, ആഷിഖ് അബു, ഷഹബാസ് അമന്‍, സിത്താര, ശ്യാം പുഷ്‌കരന്‍, മധു സി.നാരായണന്‍, കെഎം മധു എന്നിവരാണ് വീഡിയോയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തുവന്നത്. കണക്കുകളെല്ലാം ഡോക്യുമെന്റായി  ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

ടിക്കറ്റ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടു. വേണ്ടത്ര തുക ടിക്കറ്റ് വിറ്റ ഇനത്തില്‍ ലഭിച്ചില്ല. എങ്കിലും മാനസികമായി സംഗീതജ്ഞരായ എല്ലാവര്‍ക്കും നല്ലൊരു അനുഭവമായിരുന്നു സംഗീതനിശയെന്ന് ബിജിബാല്‍ പറയുന്നു. പ്രതിഫലം വാങ്ങാതെയാണ് എല്ലാ സംഗീതജ്ഞരും പാടാന്‍ എത്തിയതെന്നും ബിജിബാല്‍ പറഞ്ഞു.

ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ 908 ടിക്കറ്റുകളാണ് ആകെ വിറ്റത്. 500, 1500, 2500, 5000 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. പരിപാടി നടന്ന ദിവസം വൈകിട്ട് 39,000 രൂപയുടെ ടിക്കറ്റ് മാത്രമാണ് കൗണ്ടറിലൂടെ വിറ്റത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ ലഭിച്ചത് 7,35,500 രൂപയാണ്. ടിക്കറ്റ് വിറ്റുകിട്ടിയ ആകെ തുക 7,74,500 രൂപയാണ്. ജിഎസ്ടി, പ്രളയ സെസ് തുടങ്ങിയവയെല്ലാം കുറച്ച് 6,21,936 രൂപയാണ് ടിക്കറ്റ് വിറ്റുലഭിച്ചത്. ഇത് റൗണ്ട് ചെയ്താണ് 6,22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നും ബിജിബാല്‍ പറഞ്ഞു.