വീട്ടിനുളളിലും പുറത്തും നിരീക്ഷണ ക്യാമറകൾ; പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് പത്തുപവന്റെ ആഭരണം മോഷ്ടിച്ചു

നിരീക്ഷണ ക്യാമറകളെ പ്രവർത്തനരഹിതമാക്കി പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് പത്തു പവന്റെ ആഭരണം മോഷ്ടിച്ചു
വീട്ടിനുളളിലും പുറത്തും നിരീക്ഷണ ക്യാമറകൾ; പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് പത്തുപവന്റെ ആഭരണം മോഷ്ടിച്ചു

പത്തനംതിട്ട: നിരീക്ഷണ ക്യാമറകളെ പ്രവർത്തനരഹിതമാക്കി പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് പത്തു പവന്റെ ആഭരണം മോഷ്ടിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പന്തളം പറന്തൽ വയണുംമൂട്ടിൽ ജോസ് ജോർജിന്റെ  വീട്ടിലായിരുന്നു മോഷണം. സുരക്ഷയ്ക്കായി വീട്ടിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി നീക്കം ചെയ്തതിനു ശേഷമായിരുന്നു മോഷണം. ഇതു മൂലം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. അന്ന് പുലർച്ചെ ഔദ്യോഗിക ആവശ്യത്തിനായി ജോസ് ജോർജ്  കൊച്ചിക്കു പോയി.യാത്രയ്ക്കിടെ നീരീക്ഷണ ക്യാമറയും മൊബൈൽ ഫോണുമായുള്ള ബന്ധം തകരാറിലായതോടെ പറന്തലിൽ ഉള്ള സഹോദരനെ വിളിച്ചു വിവരം അറിയിച്ചു. അദ്ദേഹം വീട്ടിൽ എത്തിയപ്പോൾ  പിന്നിലെ കതക് തുറന്നു കിടക്കുന്നതു കണ്ടതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.

വീട്ടിനുള്ളിലെ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്നു പരിശോധിച്ചതിനു ശേഷം തുണികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വലിച്ചു വാരി ഇട്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ്ദിന്റെ നേതൃത്വത്തിൽ പൊലീസും പത്തനംതിട്ടയിൽ നിന്നു വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്ത് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com