ശരണ്യയുടെ ഫെയ്സ്ബുക്ക് നിറയെ ഒന്നര വയസുകാരൻ വിയാന്റെ ചിത്രങ്ങൾ; പക്ഷേ ആ അമ്മ മനസിൽ കൊടും ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2020 07:55 PM  |  

Last Updated: 19th February 2020 07:55 PM  |   A+A-   |  

saranya_and_son

 

കണ്ണൂര്‍: കേരളത്തെ നടുക്കുന്നതായിരുന്നു കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം. കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ പോലും വിയാന്റെ ചിത്രമാണ്. ഇതടക്കം കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കില്‍ നിറയെ. ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

കാണുന്നവര്‍ക്ക് എടുത്തോമനിക്കാന്‍ തോന്നുന്ന ആ കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ നൊന്തു പ്രസവിച്ച അമ്മയാണെന്നത് സ്വപ്നത്തില്‍പ്പോലും വീട്ടുകാരോ നാട്ടുകാരോ കരുതിയില്ല. കഴിഞ്ഞ ദിവസം തയ്യില്‍ കടലിലെ കല്‍ക്കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിയാന്‍ എന്ന ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണെന്ന് തുടക്കത്തിലേ പൊലീസ് കരുതിയിരുന്നു. പക്ഷേ അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് തെളിഞ്ഞത്.

ഒന്നുമറിയാത്തതു പോലെ വീട്ടില്‍ വന്നു കിടന്ന ശരണ്യ പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചു പറയുന്നത്. ഭര്‍ത്താവിനോട് പൊലീസില്‍ പരാതി പറയാനും പറഞ്ഞു. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷെ, തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. പൊലീസും നാട്ടുകാരും രാവിലെ തന്നെ മൃതദേഹം കണ്ടെടുത്തു.

ആദ്യം നാട്ടുകാര്‍ക്ക് ഭര്‍ത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാള്‍ ഏറെക്കാലത്തിനു ശേഷമാണ് ശരണ്യയുടെ വീട്ടില്‍ വരുന്നത്. സത്യത്തില്‍ ശരണ്യ ഭര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളില്‍ ചുമത്തുകയായിരുന്നു ലക്ഷ്യം.