തിരുപ്പൂര്‍ അപകടം: മരണം 19; മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി, ബന്ധപ്പെടേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുപ്പൂര്‍ അപകടം: മരണം 19; മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി, ബന്ധപ്പെടേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കും. കോയമ്പത്തൂരില്‍ നിന്ന് നാട്ടിലെത്താന്‍ താത്പര്യമുള്ളവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭിച്ച വിവരം അനുസരിച്ച് 19പേരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഗതാഗത,കൃഷിവകുപ്പ് മന്ത്രിമാര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പാലക്കാട് എസ്പി സംഭവ സ്ഥലത്തുണ്ട്. ആവശ്യമായ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9495099910
തമിഴ്‌നാട്ടിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7708331194

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബെംഗലൂരു- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അവിനാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ തൃശൂര്‍ സ്വദേശികളായ വിനോദ് (45), ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ (25), നിബിന്‍ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞു. ബസിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം എറണാകുളത്ത് ഇറങ്ങേണ്ടവരായി  25 പേരും പാലക്കാട് നാല്, തൃശൂര്‍ 19 പേരുമാണ് ബസില്‍ ഉണ്ടായിരുന്നത്.

എറണാകുളം റജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com